ഡോ. സാം കടമ്മനിട്ട സംഗീത സംവിധായകനാകുന്ന പ്രഥമ തമിഴ് ചിത്രം “കനവിലെ ഉന്നൈ പാക്കിറേൻ” ലെ ഗാനങ്ങൾ യുട്യൂബിൽ റിലീസ് ചെയ്തു. ലക്ഷ്മി എണ്ണപ്പാടം എഴുതിയ ഗാനങ്ങൾ വിജയ് യേശുദാസ്, ശ്രീരാജ് സഹജൻ, റീഥ്വിക് എസ്. ചന്ദ്, എലിസബേത് രാജു, വൃന്ദ മേനോൻ, അനില രാജീവ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

383056_2993669130118_1142027634_n

വിജയ് യേശുദാസും വൃന്ദാ മേനോനും ചേർന്നു ആലപിച്ച “കനവിലെ ഉന്നൈ പാക്കിറേൻ…” ശ്രീരാജ് സഹജനും എലിസബേത് രാജുവും ചേർന്നു ആലപിച്ച “അൻപേ എൻ അൻപേ…” മഞ്ജു കൃഷ്ണൻ ആലപിച്ച “വിഴിയാ കട്ടി.. ” റീഥ്വിക്, ശ്രീരാജ്, അനില രാജീവ് എന്നിവർ ചേർന്നാലപിച്ച “തമിഴ്‌നാട്ടു അഴകേ..” എന്നിങ്ങനെ നാല് ഗാനങ്ങൾ ആണ് ചിത്രത്തിലുള്ളത്. ഗാനങ്ങൾ മികച്ച നിലവാരം പുലർത്തുന്നതാണെന്നും, ഇരുത്തം വന്ന സംഗീത സംവിധായകന്റെ പക്വതയുള്ള ഗാനങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ സുരേഷ് ഗോവിന്ദ് പറഞ്ഞു. ഈസ്റ്റ് കോസ്റ്റിനു നു വേണ്ടി ഡോ. സാം കടമ്മനിട്ട തയാറാക്കിയ “വേനൽമഴ” എന്ന ലളിതഗാനങ്ങൾ കേട്ടാണ് സുരേഷ് ഗോവിന്ദ് തന്റെ ചിത്രത്തിൽ ഗാനങ്ങൾ തയാറാക്കുന്നതിനായ് സാം കടമ്മനിട്ടയെ സമീപിക്കുന്നത്. താൻ പ്രതീക്ഷിച്ചതിലും മികച്ച ഗാനങ്ങളാണ് സാം സമ്മാനിച്ചത് എന്നും ഗാനങ്ങൾ ശ്രദ്ധിക്കപ്പെടും എന്നു സുരേഷ് ഗോവിന്ദ് പറഞ്ഞു. ചിത്രത്തിലെ നാലു ഗാനങ്ങളിൽ ഒരെണ്ണമായിരുന്നു സാം കടമ്മനിട്ടയോടു ചെയയുവാൻ ആവശ്യപ്പെട്ടിരുന്നത്. അതനുസരിച്ചു “കനവിലെ ഉന്നൈ പാക്കിറേൻ ..” എന്നു തുടങ്ങുന്ന ഗാനം പൂർത്തിയാക്കി. ഈ ഗാനം കേട്ടതോടെ മറ്റു ഗാനങ്ങളും സാം തന്നെ ചെയ്‌യണം എന്നു ആവശ്യപ്പെടുകയായിരുന്നു. സംഗീത സംവിധാന രംഗത്ത് ഏറെ നാളായി സജീവ സാന്നിദ്ധ്യമായ സാം, ലളിത ഗാനങ്ങൾ, പ്രണയ ഗാനങ്ങൾ, ഓണപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ തുടങ്ങി നിരവധി ആൽബങ്ങൾക്കു സംഗീതം നൽകിയിട്ടുണ്ട്. തൃപ്പൂണിത്തുറ ആർ. എൽ. വി.സംഗീത കോളേജിൽ നിന്നും സംഗീതം അഭ്യസിച്ച സാം മാവേലിക്കര പി. സുബ്രഹ്മണ്യത്തിന്റെ കീഴിൽ അഭ്യസനം തുടരുന്നു. കടമ്മനിട്ട തങ്കപ്പനാചാരിയും ഗുരുവായിരുന്നു.
ലക്ഷ്മി എണ്ണപ്പാടം എന്ന എഴുത്തുകാരിയെ ലഭിച്ചത് ഏറെ സഹായകരമായി എന്നു സംഗീത സംവിധായകൻ സാം കടമ്മനിട്ട പറഞ്ഞു. ഒരുമിച്ചിരുന്നു ഈണവും വരികളും ചിട്ടപ്പെടുത്തുകയായിരുന്നു. തന്റെ സംഗീതത്തിന് ജീവൻ തുടിക്കുന്ന വാക്കുകൾ കോർത്തിണക്കിയ ലക്ഷ്മിക്കു കൂടി അവകാശപ്പെട്ടതാണ് ഗാനങ്ങളുടെ മാധുര്യം എന്നു കടമ്മനിട്ട പറഞ്ഞു. വിജയ് യേശുദാസിനെ കൂടാതെ ഒരു കൂട്ടം പുതിയ ഗായകരെ ദക്ഷിണേന്ത്യക്കു സമ്മാനിക്കുകയാണ് സാം കടമ്മനിട്ട തന്റെ പ്രഥമ ചിത്രത്തിലൂടെ. “അൻപേ.. ” എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നു ശ്രീരാജ് സഹജൻ “കോലുമിട്ടായി” എന്ന മലയാള ചിത്രത്തിന്റെ സംഗീത സംവിധായകനാണ്. ഇതേ ചിത്രത്തിൽ റിഥ്വിക്കും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. “ബോഡി ഗാർഡ്” എന്ന ചിത്രത്തിലെ “പേരില്ലാ രാജ്യത്തെ…” എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശബ്ദമാണ് എലിസബേത് രാജുവിന്റേത്. മഞ്ജു എ. കൃഷ്ണൻ, അനില രാജീവ് എന്നിവർ തങ്ങളുടെ ആദ്യ ചലച്ചിത്ര ഗാനം പുറത്തു വരുന്നതിന്റെ ത്രില്ലിലാണ്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും ഗാനങ്ങൾ സിനിമക്ക് കൂടുതൽ സ്വീകാര്യത നൽകുമെന്നും സംവിധായകൻ സുരേഷ് ഗോവിന്ദ് പറഞ്ഞു. ഗാനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നല്ല സ്വീകരണം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here