വാഷിങ്ടൺ: യുഎസിലുണ്ടായ കാറപകടത്തിൽ  ഗുജറാത്ത് സ്വദേശികളായ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽനിന്നുള്ള രേഖാബൻ പട്ടേൽ, സംഗീതബൻ പട്ടേൽ, മനിഷാബൻ പട്ടേൽ എന്നിവരാണ് മരിച്ചത്. അതിവേഗത്തിലെത്തിയ കാർ റോഡിൽനിന്ന് തെന്നിമാറി പാലത്തിന് മുകളിൽനിന്ന് തെറിച്ച് മരത്തിലിടിച്ച് നിന്നു. ഒരാൾ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

നാലുപേർ സഞ്ചരിച്ച എസ്.യു.വിയാണ് അപകടത്തിൽപ്പെട്ടത്. പാതയുടെ നാല് ലൈനിലൂടെയും നിയന്ത്രണംവിട്ട് സഞ്ചരിച്ച് വരമ്പുകൾക്കുമുകളിലൂടെ കയറിയിറങ്ങി വായുവിൽ 20 അടിയോളം ഉയർന്നുപൊങ്ങിയാണ് വാഹനം മരത്തിലിടിച്ച് നിന്നത്. അമിതവേഗമാണ് അപകടകാരണമെന്നും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

തകർന്ന കാറ് മരത്തിലിടിച്ച് നിന്ന നിലയിലാണ് കണ്ടെത്തിയത്. സൗത്ത് കരോലിന ഹൈവേ പട്രോൾ, ഗാന്റ് അഗ്നിരക്ഷാസേന, ഗ്രീൻവാലി ഇ.എം.എസ്. യൂണിറ്റുകൾ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കുകളോടെ രക്ഷപ്പെട്ട ഒരാളുടെ നില അതീവഗുരുതരമാണ്. കാറിന്റെ ഡിറ്റക്ഷൻ സിസ്റ്റത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ സൗത്ത് കരോലിനെ പ്രാദേശിക ഭരണകൂടത്തെ സംഭവം അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here