നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതി തള്ളി. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് ദിലീപിന്റെ വാദം തള്ളിയാണ് ഉത്തരവ്.

വസ്തുത അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ ദിലീപ് നേരത്തെ തന്നെ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെയാണ് മൊഴിപ്പകർപ്പുകൾ അതിജീവിതക്ക് നൽകാൻ ജസ്റ്റിസ് ടി.ആർ.രവി ഉത്തരവിട്ടത്. സിംഗിൾ ബെഞ്ച് തന്റെ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്നാണ് ദിലീപ് ഇന്ന് കോടതിയിൽ വാദിച്ചത്. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണ്. മാധ്യമ റിപ്പോർട്ടുകൾ കോടതിയെ അപകീർത്തിപ്പെടുത്തുന്നു എന്നും ദിലീപ് വാദിച്ചു. എന്നാൽ ജസ്റ്റിസുമാരായ എൻ.നഗരേഷ്, പി.എം.മനോജ് എന്നിവയുടെ ഹൈക്കോടതി ഡിവിഷൻ വെച്ച് ദിലീപിന്റെ അപ്പീൽ തള്ളുകയായിരുന്നു.

മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴിപ്പകർപ്പ് നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നുമായിരുന്നു അതിജീവിതയുടെ വാദം. തൻ്റെ ആവശ്യപ്രകാരമാണ് വസ്തുതാന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here