getPhzoto.php
ന്യൂജേഴ്‌സി : വിജയകരമായ മിത്രാസ് ഫെസ്റ്റിവല്‍ 2014 നു ശേഷം നമ്മുടെ വീട്ടിലെ താരങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി മിത്രാസ് ആര്‍ട്‌സ് അണിയിച്ചൊരുക്കുന്ന മെഗാ സ്റ്റേജ് ഷോയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. അമേരിക്കയിലെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള അമ്പതോളം കലാകാരന്‍മാരെ അണിനിരത്തി മിത്രാസ് രാജന്‍ അണിയിച്ചൊരുക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് സ്റ്റേജ് ഷോയില്‍  സുപ്രസിദ്ധ ഗായകന്‍ ഫ്രാങ്കോ, നടി മന്യ തുടങ്ങിയവരും പങ്കെടുക്കുന്നു.
ഓഗസ്റ്റ് 22ന് ന്യൂജേഴ്‌സി യൂനിയനില്‍ ഉള്ള കീന്‍ യൂണിവേഴ്‌സിറ്റിയിലെ വില്‍കിന്‍സ് തിയേറ്ററില്‍ വൈകുന്നേരം 5.30ന് തുടങ്ങുന്ന കലാപൂരത്തിന് ഏവരെയും സ്വാഗതം ചെയ്യുന്നതായി  മിത്രാസ് ഭാരവാഹികള്‍ അറിയിച്ചു.
ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന പൊതുപരിപാടിയില്‍ ഒരു സീനിയര്‍ കലാകാരനെയും, കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി കലയേയും കലാകാരന്‍മാരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു മഹദ് വ്യക്തിയേയും ആദരിക്കും. നോര്‍ത്ത് അമേരിക്കയിലെ മികച്ച ശാസ്ത്രീയ നൃത്തകലാകാരിക്കുള്ള മിത്രാസ് നാട്യശ്രീ ഓഫ് അമേരിക്കയ്ക്കുള്ള പുരസ്‌കാരവും തദവസരത്തില്‍ സമ്മാനിക്കും.
ഏതാനും മാസങ്ങളായി ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിലെ വിവിധസ്ഥലങ്ങളിലായി  കടുത്തപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കലാകാരന്‍മാരുടെ കലയോടുള്ള അര്‍പ്പണമനോഭാവത്തെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ലന്ന് ഇതിന് നേതൃത്വം നല്‍കുന്ന മിത്രാസ് രാജനും മിത്രാസ് ഷിറാസും പറഞ്ഞു.
അക്കരക്കാഴ്ചകള്‍ ഫെയിം ജോസുകുട്ടി, സജിനി, ഷാജി എഡ്വേഡ് (ന്യൂയോര്‍ക്ക്), തങ്കച്ചന്‍, റജി നൈനാന്‍, അലക്‌സ് ജോണ്‍, ഷാജി വില്‍സണ്‍, അനീഷ് ചെറിയാന്‍, ജോര്‍ജി സാമുവേല്‍, രാജുമോന്‍ തോമസ്,  ബോബി ടോംസ്, ശോഭാ ജേക്കബ്, അനി നൈനാന്‍, സോഫി വില്‍സണ്‍, ജിജു പോള്‍ എന്നിവര്‍ പങ്കെടുക്കുന്ന ലഘുനാടകവും മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സ്, സ്റ്റുഡിയോ 19 ഡാന്‍സ് ടീം, മറീന ആന്റണി (ഒറിഗോണ്‍) തുടങ്ങി ഇരുപതോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന വിവിധ നൃത്തനൃത്യങ്ങളും ശാലിനി നായര്‍, റോഷിന്‍ മാമ്മന്‍ (ന്യൂയോര്‍ക്ക്), സുമ നായര്‍, ജേക്കബ് ജോസഫ്, മിത്രാസ് ഷിറാസ്, ലീന  ടോംസ്, രൂത്ത് സക്രിയ, വിജു ജേക്കബ് (പെന്‍സില്‍വാനിയ) തുടങ്ങി പത്തോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീതസന്ധ്യയും ഈ കലാമാമാങ്കത്തിന് നിറം പകരും.
 ജനങ്ങള്‍ നെഞ്ചിലേറ്റി വന്‍വിജയമാക്കിയ മിത്രാസ് മെഗാഷോ 2014നുശേഷം കൂടുതല്‍ വൈവിധ്യവും പുതുമകളുമുള്‍പ്പെടുത്തി നടത്തപ്പെടുന്ന രണ്ടാമത് മിത്രാസ് ഫെസ്റ്റിവല്‍ വന്‍വിജയമാക്കുവാന്‍ എല്ലാവരുടെയും സഹായം  മിത്രാസ് ഫെസ്റ്റിവലിലെ കലാകാരന്‍മാര്‍ അഭ്യര്‍ഥിച്ചു.
ജാതിമതസംഘടനാ വ്യത്യാസങ്ങള്‍ ഇല്ലാതെ കലയെയും കലാകാരന്‍മാരെയും സ്‌നേഹിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് അമേരിക്കയിലുള്ള കലാകാരന്‍മാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുവേണ്ടി 2011ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ നല്ലൊരു കലാസംഘടനയായി അമേരിക്കയില്‍  പേരെടുത്തു. തുടര്‍ന്നും മിത്രാസ് അമേരിക്കന്‍ കലാകാരന്‍മാരുടെ വളര്‍ച്ചയ്ക്കുവേണ്ടി തങ്ങളാലാവുംവിധം ചെയ്യുമെന്ന് ബോര്‍ഡ് മെമ്പേഴ്‌സ് അറിയിച്ചു.
ഈ കലാസംരംഭത്തില്‍ മിത്രാസിനൊപ്പം പ്രവര്‍ത്തിക്കുന്ന പ്രവാസി ചാനല്‍, മഴവില്‍ എഫ് എം, ടൈംലൈന്‍ ഫോട്ടോഗ്രഫി, ഇവന്റ് കാറ്റ്‌സ് ലൈറ്റ് ആന്‍ഡ് സൗണ്ട് എന്നിവര്‍ക്കും മിത്രാസ് കലാകാരന്‍മാര്‍ നന്ദി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here