മലയാളത്തിന്റെ പ്രിയനടന്‍ നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന സിനിമയില്‍ ബോളിവുഡിലെ യുവതാരങ്ങളും എത്തുന്നു. ശശാങ്ക് അറോറ, ശോബിത ധുലിപാല, ഹരീഷ് ഖന്ന എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ടിറ്റ്‌ലി, ബ്രാഹ്മണ്‍ രാമന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ശശാങ്ക് ബോളിവുഡില്‍ ശ്രദ്ധേയനായത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രാമന്‍ രാഘവ് 2.0 എന്ന ചിത്രത്തില്‍ നായികയായിരുന്നു ശോബിത ധുലിപാല, ഗ്യാംഗ്‌സ് ഒഫ് വാസിപര്‍, കമീനെ എന്നി സിനിമകളിലൂടെയാണ് ഹരീഷ് ഖന്ന പ്രേക്ഷകശ്രദ്ധ നേടിയത്.

നിവിന്റെ ഫസ്റ്റ്‌ലുക്ക് കൊണ്ടു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മൂത്തോന്‍. ലക്ഷദ്വീപ് സ്വദേശിയായ പതിനാലുകാരന്‍ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് മൂത്തോന്റെ പ്രമേയം. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് ക്യാമറ
കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ രചിക്കുന്നതും ഗീതുവാണ്.

ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, എഡിറ്റിംഗ്: ബി.അജിത്കുമാര്‍. ഗാംഗ്‌സ് ഒഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് സൗണ്ട് ഡിസൈനര്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം.

ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് മുംബൈയില്‍ പൂര്‍ത്തിയായി. രണ്ടാം ലട്ടം ലക്ഷദ്വീപിലാണ് ചിത്രീകരിക്കുന്നത്. സുജിത് ശങ്കര്‍, അലന്‍സിയര്‍, സൗബിന്‍ ഷാഹിര്‍, പുതുമുഖം മെലിസ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here