doctors.jpg.image.784.410

കൊച്ചി ∙ വൈദ്യശാസ്ത്ര രംഗത്തെ അടിയന്തര സാഹചര്യങ്ങളിൽ എയർ ആംബുലൻസിന്റെ സാധ്യതകൾ ഉപയോഗിക്കേണ്ടതിനെക്കുറിച്ചു കേരളം ഗൗരവമായി ചിന്തിക്കേണ്ട സമയമായെന്നു ഡോ. ജോസ് ചാക്കോ പെരിയപ്പുറം. സാധാരണക്കാർക്കു താങ്ങാവുന്ന വിധത്തിൽ എയർ ആംബുലൻസ് സേവനം വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അവയവദാന ചരിത്രത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ദിവസത്തിനു ചുക്കാൻ പിടിച്ച ഡോ. ജോസ് ചാക്കോയ്ക്ക് ഇന്നലെയും തിരക്കൊഴിയാത്ത ദിവസമായിരുന്നു. വെള്ളിയാഴ്ച രാത്രി ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയ്ക്കു ശേഷം ഇന്നലെ രാവിലെ 10.30നു തന്നെ അദ്ദേഹം ആശുപത്രിയിലെത്തി.

കാത്തു നിന്ന മാധ്യമ പ്രവർത്തകരോടു സൗമ്യമായ പ്രതികരണം. കേരളം മുഴുവൻ പ്രാർഥനയോടെ കാത്തിരുന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന്റെ അമിത ആഹ്ലാദമൊന്നും മുഖത്തില്ലായിരുന്നു. 48 മണിക്കൂറുകൾക്കു ശേഷമേ ശസ്ത്രക്രിയ പൂർണ വിജയമെന്നു പറയാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖത്തെപ്പോഴുമുള്ള പുഞ്ചിരിയുമായി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലേക്ക്.

തന്നെ കാത്തിരുന്ന അച്ചാടൻ മാത്യുവിന്റെ ബന്ധുക്കൾക്കൊപ്പം ഏതാനും നിമിഷങ്ങൾ. മാത്യുവിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി മറ്റ് അഞ്ച് ഹൃദയ ശസ്ത്രക്രിയകളാണു വെള്ളിയാഴ്ച മാറ്റിവച്ചത്. വരും ദിവസങ്ങളിൽ ഇവ ചെയ്തു തീർക്കണം. ഡോ. ജോസ് ചാക്കോ സഹപ്രവർത്തകരുമായി ഇതു സംബന്ധിച്ച ചർച്ചകളിൽ മുഴുകി.

ശനിയാഴ്ച പുലർച്ചെ 1.45ന് മാത്യുവിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കിയെങ്കിലും മാറ്റി വച്ച ഹൃദയത്തിന്റെ പ്രവർത്തനം പുലർച്ചെ വരെ ഡോ. ജോസിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു. മാറ്റിവച്ച ഹൃദയം യന്ത്രസഹായമില്ലാതെ പ്രവർത്തിച്ചു തുടങ്ങിയ ശേഷം രാവിലെ ആറു മണിയോടെ മാത്യുവിന്റെ ഭാര്യ ബിന്ദുവിനെ ഐസിയുവിന്റെ ചില്ലിലൂടെ ഭർത്താവിനെ കാണിച്ച ശേഷമാണ് ഡോ. ജോസ് വീട്ടിലേക്കു പോയത്. പത്തരയോടെ വീണ്ടും അടുത്ത ശസ്ത്രക്രിയക്കായി ആശുപത്രിയിൽ തിരിച്ചെത്തി.

അവയവ മാറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവു വന്നത് ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നു ഡോ. ജോസ് പറയുന്നു. സമൂഹത്തിൽ ഇക്കാര്യത്തിൽ അവബോധം വരുത്തേണ്ടതുണ്ട്. ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിക്കുന്ന ഹൃദ്രോഗികൾക്ക് 20 ശതമാനം മാത്രമാണ് ജീവിതത്തിലേക്കുള്ള പ്രതീക്ഷ. അത്രയേറെ വെല്ലുവിളി ഏറ്റെടുത്താണ് ഓരോ ശസ്ത്രക്രിയകളും.

ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ചെയ്തവരിൽ ഒൻപതു പേർ ഇന്നും സാധാരണ ജീവിതം നയിക്കുന്നു. ജോലിക്കു പോകുന്നവരുമുണ്ട് കൂട്ടത്തിൽ. ഇത്തരം സംഭവങ്ങൾ കൂടുതൽ പേരിൽ അവയവ ദാന സന്ദേശം എത്താൻ കരുത്തേകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം ആത്മവിശ്വാസത്തോടെ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here