fever main

തിരുവനന്തപുരം: മരണം വിതച്ച് പകര്‍ച്ചപ്പനി സംസ്ഥാനത്ത് രൂക്ഷമായി പടരുന്നു. ആശങ്കക്ക് വകയില്ലെന്ന് ആരോഗ്യവകുപ്പും ആരോഗ്യമന്ത്രിയും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും പനി ബാധിച്ച് സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി ജീവന്‍ പൊലിഞ്ഞു. എച്ച്1എന്‍1 ബാധിച്ച് തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രണ്ടുപേരും ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന പാലക്കാട് ജില്ലക്കാരായ നാലുപേരും തിരുവനന്തപുരം ജില്ലക്കാരായ രണ്ടുപേരും എലിപ്പനി ബാധിച്ച് തൃശൂരില്‍ ഒരാളും എലിപ്പനി ലക്ഷണങ്ങളോടെ കോഴിക്കോട്ട് ഒരാളും പകര്‍ച്ചപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരാളുമാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഈ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം തിങ്കളാഴ്ചയാണ് ഉണ്ടായത്. അതേസമയം, സംസ്ഥാനത്ത് 183 പേര്‍ക്ക് കൂടി തിങ്കളാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ആണ് കൂടുതല്‍ ഡെങ്കിയും കണ്ടെത്തിയത്89 പേര്‍. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 711 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഡോക്ടര്‍മാരെയും സന്നദ്ധപ്രവര്‍ത്തകരെയും ചുമതലപ്പെടുത്തി. റാപ്പിഡ് ആക്ഷന്‍ ടീമിനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കോഴിക്കോട്ട് അറിയിച്ചു.

തിരുവനന്തപുരം മിതൃമ്മല സ്വദേശി അരുണ്‍ കുമാര്‍ (39), എറണാകുളം പാലാരിമംഗലം സ്വദേശി മഞ്ജു സന്ദീപ് (25) എന്നിവരാണ് എച്ച്1എന്‍1 ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി ഐഷ സന (10), മരുത്ത് റോഡ് സ്വദേശി പ്രാവതി (63), ഓങ്ങല്ലൂര്‍ സ്വദേശി ബഷീര്‍ (31), ചാലിശ്ശേരി സ്വദേശി ഷീബ (55), തിരുവനന്തപുരം വെമ്പായം സ്വദേശി ഷാഹുല്‍ ഹമീദ് (65), മീനാങ്കല്‍ സ്വദേശി ബിന്ദു (41) എന്നിവരും എലിപ്പനി ബാധിച്ച് തൃശൂര്‍ സ്വദേശി പ്രിയ (20), എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന കോഴിക്കോട് മുകേരി സ്വദേശി അശോകന്‍ (55) എന്നിവരും പനി ബാധിച്ച് തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുഹമ്മദ് ബഷീറും (65) ആണ് മരിച്ചത്.

പകര്‍ച്ചപ്പനി ബാധിച്ച് തിങ്കളാഴ്ച 22,896 പേര്‍ കൂടി ചികിത്സതേടി. അതില്‍ 682 പേരെ വിദഗ്ധ ചകിത്സക്കായി പ്രവേശിപ്പിച്ചു. എച്ച്1എന്‍1 ബാധിച്ച് ഒമ്പതുപേര്‍ കൂടി ചികിത്സതേടി. എറണാകുളത്ത് മൂന്നുപേര്‍ക്കും തൃശൂരില്‍ രണ്ടുപേര്‍ക്കും വയനാട്ട് മൂന്നുപേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കും ആണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. എലിപ്പനി അഞ്ചുപേര്‍ക്കും കണ്ടെത്തി.എലിപ്പനി ലക്ഷണങ്ങളോടെ 18 പേരും ചികിത്സതേടി. കാസര്‍കോട്ട് ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here