കൊടുങ്ങല്ലൂര്‍: കള്ളനോട്ടടി കേസില്‍ ബി.ജെ.പി നേതാക്കള്‍ അറസ്റ്റിലായ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഒന്നും ഉരിയാടാതെ ബി.ജെ.പി. പാര്‍ട്ടിക്കേറ്റ തിരിച്ചടിയില്‍ മേഖലയിലെ ബി.ജെ.പി നേതൃത്വം അക്ഷരാര്‍ഥത്തില്‍ അസ്ത്രപ്രജ്ഞരായ അവസ്ഥയിലാണ്. റെയ്ഡ് നടന്ന അന്നുതന്നെ ഏരാശ്ശേരി രാഗേഷിനെ മേഖലയില്‍ പാര്‍ട്ടിയെ നയിക്കുന്നവര്‍ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍, രാഗേഷിന്റെ സഹോദരനും പാര്‍ട്ടി ഭാരവാഹിയുമായിരുന്ന രാജീവിനെ ചിലര്‍ ന്യായീകരിച്ചിരുന്നു. പക്ഷേ, സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ജില്ല നേതൃത്വം രണ്ടുപേരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. രാജീവും കേസില്‍ പ്രതിയായതോടെ ന്യായീകരിച്ചവരും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.

അതിനിടെ ബി.ജെ.പി പുനഃസംഘടനയില്‍ പിന്തള്ളപ്പെട്ടവര്‍ കള്ളനോട്ട് സംഭവം ആയുധമാക്കിയേക്കുമെന്നും കരുതുന്നു. അതേസമയം, കള്ളനോട്ടടിയെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമായി. സ്ഥലം എം.എല്‍.എക്കും യുവജന സംഘടനകള്‍ക്കും പുറമെ മറ്റു പാര്‍ട്ടികളും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നു. കള്ളനോട്ടടി കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായി.

നോട്ട് നിരോധനത്തെ തുടര്‍ന്ന് 16 കോടി വെളുപ്പിക്കാന്‍ വ്യാപാരിയെയും മകനെയും ബന്ധിയാക്കി മര്‍ദിച്ച് വില കൂടിയ കാറും ആഭരണങ്ങളും മൊബൈല്‍ ഫോണും തട്ടിയെടുത്തത് യുവമോര്‍ച്ചബി.ജെ.പി നേതാക്കളാണെന്നും ഇതിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ ആരോപിച്ചു. കള്ളനോട്ട് നിര്‍മാണം പിടിച്ച സാഹചര്യത്തില്‍ കൊടുങ്ങല്ലൂര്‍, കയ്പമംഗലം നിയോജക മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളുടെ സാമ്പത്തികനിലയും വരുമാന സ്രോതസ്സും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കള്ളപ്പണ വേട്ടയെകുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ കയ്പമംഗലം കമ്മിറ്റി ആവശ്യപ്പെട്ടു. കള്ളനോട്ട് പിടിച്ചെടുത്തതില്‍ മേഖലയിലെ ബി.ജെ.പിസംഘ്പരിവാര്‍ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here