ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തില്‍ എന്‍.ഡി.എയുടെയും പ്രതിപക്ഷത്തിന്റെയും നീക്കങ്ങളുടെ രാഷ്ട്രീയ പ്രതിഫലനം ബിഹാറും കടക്കും. പലര്‍ക്കും പലതാണ് കണക്കുകൂട്ടലുകള്‍. അടുത്ത രാഷ്ട്രപതി ദലിത് വിഭാഗത്തില്‍നിന്നാവുമെന്ന് ഉറപ്പ് വരുത്തുന്നതിനെക്കാള്‍ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍, നേതാക്കളുടെ രാഷ്ട്രീയ അതിജീവനം, വെല്ലുവിളികള്‍ മറികടക്കല്‍ തുടങ്ങിയ മാനവും ഇതിനുണ്ട്.

ബിഹാറില്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയുമായി ഭരണം പങ്കുവെക്കുന്ന ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ രാഷ്ട്രീയ ചാഞ്ചല്യത്തിനു പിന്നില്‍ സ്വന്തം പ്രതിച്ഛായ സംരക്ഷണമാണുള്ളത്. സംഘടനാപരമായി ദുര്‍ബലമായ ജെ.ഡിയുവിനും നിതീഷിനും അതാണ് ഇപ്പോഴത്തെ ആവശ്യം. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ എതിര്‍ത്ത് ബി.ജെ.പിയുമായുള്ള 17 വര്‍ഷത്തെ ബാന്ധവം പൊട്ടിച്ചെറിഞ്ഞ് 2013ല്‍ പുറത്തുവന്നപ്പോഴും പ്രതിച്ഛായ സംരക്ഷണമായിരുന്നു മുന്നില്‍. സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യനിരോധനവും ഇതിലൊന്നായി. സംഘ്പരിവാര്‍ മുക്ത ഭാരതത്തിനായി പ്രതിപക്ഷ മഴവില്‍ മുന്നണിക്കായി മുന്നിട്ടിറങ്ങിയ അദ്ദേഹം പൊടുന്നനെ ബി.ജെ.പിയുടെ ദലിത് കാര്‍ഡ് ഏറ്റുപിടിച്ചതിന് പിന്നിലും മറ്റൊന്നുമില്ലെന്നാണ് വിലയിരുത്തല്‍. ലാലുവിനെതിരായ അഴിമതി കേസ് വഴി സര്‍ക്കാറിനുണ്ടായ പ്രതിച്ഛായ കോട്ടവും പുതുതലമുറക്കായി മാറണമെന്ന ലാലുവിന്റെ ആഹ്വാനവും നിതീഷിന്റെ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം, കോവിന്ദിന്റെ എതിര്‍ സ്ഥാനാര്‍ഥിയായി ദലിത് ജാട്ടവ സമുദായത്തില്‍പെട്ട മീരാകുമാറിനെ പ്രതിപക്ഷം കൊണ്ടുവന്നത് നിതീഷിന് തിരിച്ചടിയാകും. ലാലുവിന് നേട്ടവും. ബിഹാറിന്റെ പുത്രിയെന്ന് മീരയെ ലാലു വിശേഷിപ്പിച്ചതും ഇത് മുന്നില്‍ക്കണ്ടാണ്. പിന്നാക്ക, മുസ്‌ലിം വിഭാഗത്തിന് പുറമേ ദലിത് വിഭാഗത്തിലേക്ക് പ്രതിപക്ഷ കക്ഷികള്‍ക്ക് കടന്നുകയറാന്‍ ഇതു സഹായകമായേക്കും. മക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നതിനാല്‍ ലാലു ഉടന്‍ തന്നെ കൈവിടില്ലെന്നാണ് നിതീഷിന്റെ കണക്കുകൂട്ടല്‍. രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ജെ.ഡിയുവിനെയും ചില കക്ഷികളെയും ഒപ്പം കൂട്ടാനായ ബി.ജെ.പിക്ക് മറ്റ് പ്രതീക്ഷകളുമുണ്ട്. ദലിത് സമുദായങ്ങളില്‍നിന്നുള്ള രോഷവും പുതിയ ദലിത് നേതൃത്വം ഉദയം ചെയ്യുന്നതും മറികടക്കുകയാണ് ഇതിലൊന്ന്. കൂടാതെ, കോവിന്ദ് കോലി വിഭാഗത്തില്‍ നിന്നാണെന്നതാണ് മറ്റൊന്ന്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ വോട്ടര്‍മാരില്‍ 24 ശതമാനത്തോളം കോലി സമുദായക്കാരാണ്. ഗുജറാത്തില്‍ ഇവര്‍ ഒ.ബി.സി വിഭാഗമാണ്. ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ എസ്.സിയുമാണ്. 1998 വരെ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ക്ഷത്രിയഹരിജന്‍ആദിവാസിമുസ്‌ലിം കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു കോലി സമുദായം ഉള്‍പ്പെടെ വിഭാഗങ്ങള്‍. ഹിന്ദുത്വ രാഷ്ട്രീയ ഉദയത്തോടെയാണ് ബി.ജെ.പി പക്ഷത്തേക്ക് മറിഞ്ഞത്. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ സമുദായത്തില്‍ ഒരു വിഭാഗം ബി.ജെ.പിക്ക് എതിരെ തിരിഞ്ഞിരിക്കുന്ന സമയത്ത് കോലി വിഭാഗത്തെകൂടി നഷ്ടപ്പെടുത്തുക ബി.ജെ.പിക്ക് ആലോചിക്കാന്‍ കഴിയില്ല. ശിവസേനയുടെ ഭീഷണിയില്‍ ഭരണം അത്ര സുഖകരമല്ലാത്ത മഹാരാഷ്ട്രയിലും കോലി വിഭാഗം ശക്തമായ സാന്നിധ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here