സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ നിറഞ്ഞ് സഞ്ജുവിനെ പുകഴത്തിയുള്ള പോസ്റ്റുകളും. തന്‍റെ ടീം പ്രവേശനത്തില്‍ സഞ്ജുവും ഒരു പോസ്റ്റുമായെത്തിയതോടെ ആരാധകര്‍ കൂടുതല്‍ ആവേശത്തിലായി. ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം..’ എന്നായിരുന്നു കുറിപ്പ്. സഞ്ജു ഒഴുക്കിയ വിയര്‍പ്പിന്‍റെ വില തന്നെയാണ് ടീമിലേക്കുള്ള വരവിന്‍റെ വഴി. ഐപിഎല്ലിലെ തകര്‍പ്പന്‍ പെര്‍ഫോമെന്‍സും വലിയ കയ്യടി നേടിയിരുന്നു.

ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോഴൊക്കെ ടീമില്‍ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നത് സഞ്ജുവിനും ആരാധകര്‍ക്കും ആത്മവിശ്വാസം നല്‍കാന്‍ പോന്ന കാര്യമാണ്. 1983ലെ ടീമില്‍ സുനില്‍ വല്‍സനും 2007ലെ ടീമില്‍ ശ്രീശാന്തുമായിരുന്നു ഉണ്ടായിരുന്നത്. ആ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കട്ടെയെന്ന ആശംസകളാണ് സഞ്ജുവിനെ തേടിയെത്തുന്നത്. 

വിന്‍ഡീസിലും അമേരിക്കയിലുമായി ജൂണ്‍ രണ്ട് മുതലാണ് ടൂര്‍ണമെന്റ് തുടങ്ങുക. ജൂണ്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. സഞ്ജുവിന്‍റെ സാന്നിധ്യം ഇന്ത്യയ്ക്ക് കിരീട സാധ്യത ഉറപ്പിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം