ന്യൂഡല്‍ഹി:ലോകമെങ്ങും ഭീതിവിതച്ച വാനക്രൈക്കു പിന്നാലെ വ്യാപിച്ച ‘പിയെച്ച’ റാന്‍സംവെയര്‍ ഇന്ത്യയിലും. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തെയും പിയച്ചെ ബാധിച്ചു. കംപ്യൂട്ടറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് മൂന്നു ടെര്‍മിനലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇതോടെ ചരക്കുനീക്കം നിലച്ച അവസ്ഥയിലാണ്. തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യയില്‍ പിയെച്ച എത്തിയതായി സ്വിസ് സര്‍ക്കാരിന്റെ ഐടി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാണിജ്യ, വ്യാവസായിക മേഖലകളെയാണ് പിയെച്ച റാന്‍സംവെയര്‍ കൂടുതലായും ബാധിച്ചിരിക്കുന്നത്. റഷ്യ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍, എണ്ണക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ഫാക്ടറികള്‍, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ പ്രോഗ്രാം ബാധിച്ചു. യുഎസ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലും പിയെച്ച കണ്ടെത്തിയിട്ടുണ്ട്. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ റോസ്!നെഫ്റ്റും പിയെച്ച ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിലും ഉല്‍പാദനത്തെ ബാധിച്ചിട്ടില്ല.

ഫയലുകള്‍ മൊത്തമായി എന്‍ക്രിപ്റ്റ് ചെയ്യുന്നതിനു പകരം ഇരയുടെ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തശേഷം ഹാര്‍ഡ് ഡ്രൈവിലെ മാസ്റ്റര്‍ ഫയല്‍ ടേബിള്‍ (എംഎഫ്ടി) എന്‍ക്രിപ്റ്റ് ചെയ്യുന്നതാണു പിയെച്ചയുടെ രീതി. തുടര്‍ന്നു ഫയലുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലാകും. ഇവ തിരിച്ചുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെടും. സ്‌ക്രീനില്‍ കാണിക്കുന്ന ബിറ്റ്‌കോയിന്‍ വിലാസത്തിലേക്കു 300 ഡോളര്‍ അയയ്ക്കാനാണു സന്ദേശം. ഫയലുകള്‍ തിരികെ ലഭിക്കാനായി 13 പേര്‍ മോചനദ്രവ്യം നല്‍കിയതായാണു സൂചന. 5000 ഡോളര്‍ മോചനദ്രവ്യമായി നല്‍കിയെന്നാണു വിവരം.

ആരാണ് പിന്നിലെന്നു വ്യക്തമല്ലെങ്കിലും റഷ്യയെയും യുക്രെയ്‌നെയും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെന്നു മോസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ് ഐബി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here