കൊച്ചി: ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പുകളില്‍ എത്തിയാല്‍ ‘മദ്യപാനികള്‍ക്കു ചോദിക്കാനും പറയാനും ആരുമില്ലല്ലോ’ എന്നുള്ള സിനിമ ഡയലോഗ് സത്യമാണെന്നു ബോധ്യപ്പെടണമെങ്കില്‍ ഒരുതവണയെങ്കിലും കേരളത്തിലെ മദ്യഷാപ്പുകളില്‍ ക്യൂ നല്‍ക്കണം. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ക്യു ഒഴിവാക്കണമെന്നും പൊതു മാന്യത പരിഗണിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ മിക്ക ഷോപ്പുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കാന്‍ പോലുമുള്ള സൗകര്യങ്ങളില്ല. മേല്‍ക്കൂരയില്ലാത്തതിനാല്‍ പുറത്തേക്കു തുറന്നിരിക്കുന്ന കൗണ്ടറിനു മുന്നില്‍ വെയിലും മഴയുമേറ്റുവേണം മദ്യം വാങ്ങാന്‍ എത്തുന്നവര്‍ ക്യൂ നില്‍ക്കാന്‍ ഭൂരിഭാഗം ഷോപ്പുകളുടെയും അവസ്ഥ ഇതുതന്നെ. ഏറ്റവും തിരക്കുള്ളതും ദിവസം 20 ലക്ഷം രൂപയിലധികം വരുമാനം ഉളളതുമായ ഷോപ്പില്‍ 700 രൂപയുടെ മുകളില്‍ മദ്യം വാങ്ങുന്നവര്‍ക്കു മാത്രമാണു വെയിലും മഴയും ഏല്‍ക്കാതെ ക്യൂ നില്‍ക്കാനെങ്കിലും സൗകര്യമുള്ളത്. അതും വളരെ കുറച്ചു പേര്‍ക്കു മാത്രം. മുന്‍പ് രണ്ട് കൗണ്ടറുകള്‍ ആയിരുന്നത് ഇപ്പോള്‍ മൂന്ന് കൗണ്ടറുകളാക്കി.

എങ്കിലും തിരക്കുളള സമയങ്ങളില്‍ ഷോപ്പിന്റെ മുറ്റം നിറഞ്ഞ് റോഡിലേക്ക് ക്യൂ നീളും. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഒരു സ്വകാര്യതയും മിക്കയിടങ്ങളിലുമില്ല. ക്യൂ നില്‍ക്കുന്ന സ്ഥലമാണെങ്കിലും ഇടുങ്ങിയ കമ്പിവേലിക്കിടയില്‍ ഞെങ്ങിഞെരുങ്ങിവേണം നില്‍ക്കാന്‍. നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത പലയിടങ്ങളിലും തര്‍ക്കങ്ങളും ബഹളങ്ങളും പതിവ്.
ജീവനക്കാരുടെ കുറവും നീണ്ട ക്യൂവിന് കാരണമാകുന്നുണ്ട്. ശരാശി ഏഴു ജീവനക്കാര്‍ വീതമാണ് ഒരോ ഷോപ്പിലും. എന്നാല്‍ ഒരാള്‍ സ്റ്റോക്ക് എടുക്കാനുളള ജോലികള്‍ക്ക് പോകുമ്പോള്‍ മറ്റൊരാള്‍ ഓഫിസ് ജോലികള്‍ക്ക് നിയോഗിക്കപ്പെടും. ബാക്കിയുള്ളവരാണ് കൗണ്ടറുകളില്‍ ബില്ലടിക്കാനും മദ്യം നല്‍കാനുമുളളത്. ജീവനക്കാരുടെ കുറവുമൂലമാണ് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാന്‍ കഴിയാത്തതെന്ന് ഷോപ്പ് മാനേര്‍മാര്‍ പറയുന്നു. ഏതാനും മാസം മുന്‍പുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ആറുമാസത്തേക്ക് ഒരോ ഷോപ്പിലേക്കും രണ്ടുപേരെ വീതം നിയോഗിച്ചിരുന്നു. അതില്‍ പലരും ജോലി പഠിച്ച് വന്നപ്പോഴേക്ക് സമയപരിധി അവസാനിച്ച് പിരിഞ്ഞുപോയി. ഇതിനുശേഷം ബവ്‌റിജസ് കോര്‍പറേഷന്‍ നേരിട്ട് രണ്ടു സെക്യൂരിറ്റി ജീവനക്കാരെ വീതം നിയമിച്ചു. രാത്രി സമയത്ത് സുരക്ഷാ ജോലി ചെയ്യാനും പകല്‍ സമയങ്ങളില്‍ ബില്ല് അടിക്കുന്നത് ഒഴികെയുള്ള ജോലികള്‍ ചെയ്യാനുമാണ് ഇവരെ നിയോഗിച്ചത്.

എന്നാല്‍ ഷോപ്പുമായി ബന്ധപ്പെട്ട ജോലികള്‍ പലതും കാര്യക്ഷമമായി ചെയ്യാന്‍ ഇവര്‍ക്കു കഴിയുന്നില്ലെന്നു മാനേജര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 11 മണിക്കൂര്‍ വരെയാണു മിക്കവരും ജോലി ചെയ്യേണ്ടി വരുന്നത്. അധിക സമയം ഡ്യൂട്ടി ചെയ്യുന്നതിന് 300 രൂപ മാത്രമാണു ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here