ഗാന്ധിനഗര്‍: ഗുജറാത്തില്‍ യേശുവിന്റെ ചിത്രമുള്ള ചെരിപ്പ് പുറത്തിറക്കി എന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതു വ്യാജപ്രചാരണം. ഗുജറാത്തില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള നീക്കം ശക്തമായി എന്ന മട്ടിലാണ് പ്രചാരണം ശക്തമായിരിക്കുന്നത്. യേശുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ചിത്രമുള്ള ചെരിപ്പുകള്‍ ഗുജറാത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ചിത്രം സഹിതമായിരുന്നു വ്യാജസന്ദേശം. ഇത്തരം നടപടി അവസാനിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന ആഹ്വാനത്തോടെയാണു സന്ദേശം പ്രചരിപ്പിച്ചത്. എന്നാല്‍, ഇതിന്റെ സത്യാവസ്ഥ മനസിലാക്കാതെ പലരും ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും ട്വിറ്ററിലുമൊക്കെ ഇതു വ്യാപകമായി ഷെയര്‍ ചെയ്തു. മതസ്പര്‍ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരോ ബോധപൂര്‍വം ചെയ്തതാണ് ഇതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇക്കാര്യം ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഈ വ്യാജസന്ദേശം തയാറാക്കി പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ വ്യാപകമായി പ്രചരിച്ച ചെരിപ്പുകളുടെ ചിത്രം വച്ചാണു ഗുജറാത്തിനെതിരേ കള്ള പ്രചാരണം നടക്കുന്നത്. തായ്‌ലന്‍ഡിലും സമാനമായ രീതിയിലുള്ള ചെരിപ്പുകള്‍ വില്‍പ്പനയ്ക്കു വന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് ഗുജറാത്തിന്റെ പേരുവച്ചു സ്ഥാപിത താത്പര്യക്കാര്‍ പ്രചരിപ്പിച്ചത്.
മധ്യപ്രദേശില്‍ ക്രൈസ്തവ ദേവലയത്തില്‍ പോയ പെണ്‍കുട്ടിയെ ഒരുകൂട്ടം ആളുകള്‍ തെരുവിലിട്ടു മര്‍ദിച്ച് അവശയാക്കിയ ശേഷം തീകൊളുത്തി കൊന്നുവെന്ന വ്യാജപ്രചാരണവും നവമാധ്യമങ്ങളില്‍ അടുത്തിടെ നടന്നിരുന്നു. പെണ്‍കുട്ടിയെ ഒരുകൂട്ടം ആളുകള്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് ഇതു പ്രചരിപ്പിച്ചത്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ മോഷണക്കുറ്റം ആരോപിച്ച് ആളുകള്‍ പെണ്‍കുട്ടിയെ തെരുവില്‍ കത്തിച്ച സംഭവത്തിലെ വീഡിയോയായിരുന്നു മധ്യപ്രദേശിനെതിരായ വ്യാജപ്രചാരണത്തിന് ഉപയോഗിച്ചതെന്നു പിന്നീടു വ്യക്തമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു പോലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വരുന്ന ഇത്തരം കാര്യങ്ങള്‍ യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതിനു മുമ്പേഷെയര്‍ ചെയ്യരുത്. കഴിഞ്ഞ ദിവസം പശ്ചിമബംഗാളില്‍ ഫേസ്ബുക്കില്‍ വ്യാജസന്ദേശം പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നു സാമുദായിക സംഘര്‍ഷം ഉടലെടുത്തിരുന്നു. മറ്റ് മതവിഭാഗങ്ങളെ ഗുജറാത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഹിന്ദുക്കള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നുമുള്ള പ്രചരണങ്ങള്‍ കുറച്ചുകാലമായി സോഷ്യല്‍മീഡിയയിലുണ്ട് .അതിന്റെ ഭാഗമെന്ന രീതിയിലാണ് ഒരു വാര്‍ത്ത വന്നത് .ആരുടേയും മനസില്‍ മതവികാരം ആളി കത്തുന്ന രീതിയില്‍ വിദ്വേഷപരമായ പരാമര്‍ശമാണ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here