കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ പോലീസ് പിടിച്ചെടുത്ത മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നും ഇല്ലെന്നു സൂചന. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തതായി ഇന്നുരാവിലെയാണു വാര്‍ത്തകള്‍ വന്നത്. സംഭവത്തില്‍ ഒളിവിലായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍നിന്ന് മെമ്മറി കാര്‍ഡ് കണ്ടെത്തിയതായാണ് വിവരം. അഡ്വ. രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്. കേസിലെ പ്രധാന തൊണ്ടിമുതലാണ് മെമ്മറി കാര്‍ഡ്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡാണോ ഇതെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി.

ഞായറാഴ്ചയാണ് കൊച്ചിയില്‍ അഭിഭാഷകനായ രാജു ജോസഫിനെയാണ് ആലുവ പൊലീസ് ക്ലബില്‍ വച്ച് ചോദ്യം ചെയ്തത്. ഒളിവിലുള്ള പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് പ്രതീഷ് ചാക്കോയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാര്‍ഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ ആക്രമിച്ച ശേഷം സംഭവം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി നല്‍കിയിരിക്കുന്ന മൊഴി. കേസിലെ നിര്‍ണായക തെളിവായ ഫോണും മെമ്മറി കാര്‍ഡും വീണ്ടെടുക്കാന്‍ പൊലീസ് വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഇതേത്തുടര്‍ന്നാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

അതിനിടെ കേസില്‍ അറസ്റ്റിലായ ചലച്ചിത്ര നടന്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും. എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പ്രൊസിക്യൂഷന്റെ തീരുമാനം. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തളളിയതോടെയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തീരുമാനിച്ചത്. ദിലീപിനെതിരെ ഗൂഡാലോചന കുറ്റം ചുമത്താന്‍ തെളിവുകളൊന്നും പൊലീസ് ശേഖരിച്ചിട്ടില്ലെന്ന വാദം തന്നെയാവും ഹൈക്കോടതിയിലും പ്രതിഭാഗം ഉയര്‍ത്തുക. എന്നാല്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ അത് സ്വാധീനിക്കുമെന്ന വാദം ഉയര്‍ത്തി ജാമ്യാപേക്ഷ എതിര്‍ക്കാന്‍ തന്നെയാണ് പ്രൊസിക്യുഷന്‍ തീരുമാനം. ഇതിനിടെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ,പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും കണ്ടെത്താനായി കിണഞ്ഞ് ശ്രമിക്കുകയാണ് അന്വേഷണ സംഘം. ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്യാതെ ഗൂഡാലോചന കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാനാവില്ല.
അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ വിദേശത്തേക്കു കടത്തിയെന്നു സംശയം. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കു നാലു മൊബൈല്‍ ഫോണുകളും അഞ്ചു സിം കാര്‍ഡുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു ഫോണ്‍ സ്ഥിരമായി ദിലീപാണ് ഉപയോഗിച്ചിരുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച തെളിവിലേക്ക് അപ്പുണ്ണിയുടെ പേരിലുള്ള ഈ മൊബൈല്‍ ഫോണ്‍ നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണു ദിലീപ് അറസ്റ്റിലായ ഉടന്‍ അപ്പുണ്ണി ഒളിവില്‍പോയതെന്നു സംശയിക്കുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ദിലീപ് രണ്ടാഴ്ച മുന്‍പ് അടുത്ത സുഹൃത്തു വഴി വിദേശത്തേക്കു കടത്തിയതായി സൂചനയുണ്ട്. ദൃശ്യങ്ങള്‍ വിദേശത്തുനിന്നു യൂട്യൂബില്‍ അപ്‌ലോഡു ചെയ്യുന്നതു തടയാന്‍ സൈബര്‍ സെല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here