ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. എന്‍ഡിഎയുടെ രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായ മീരാ കുമാറും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ വോട്ടറും കൗണ്ടിങ് ഏജന്റുമെല്ലാം ഒരാള്‍ തന്നെ – ഒ.രാജഗോപാല്‍ എംഎല്‍എ. അട്ടിമറിയൊന്നും സംഭവിച്ചില്ലെങ്കില്‍ രാജഗോപാലിന്റേതല്ലാത്ത വോട്ടുകളൊന്നും എന്‍ഡിഎ സ്ഥാനാര്‍ഥി റാംനാഥ് കോവിന്ദിനു കിട്ടാനുമിടയില്ല. കേരളത്തില്‍ നിയമസഭാ സമുച്ചയത്തിലെ 604–ാം നമ്പര്‍ മുറിയില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണു വോട്ടെടുപ്പ്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പ്രതിപക്ഷത്തിന്റെ യോജിച്ച സ്ഥാനാര്‍ഥി മീരാകുമാറിനെയാണു പിന്തുണയ്ക്കുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്.

കേരള നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി നില്‍ക്കുന്ന കേരള കോണ്‍ഗ്രസും ഇതേ നിലപാടിലാണ്. മീരാകുമാര്‍ കേരളത്തില്‍ വോട്ടുതേടി വന്നപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ് ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. സ്വതന്ത്രനായ പി.സി.ജോര്‍ജും മീരാകുമാറിനെ പിന്തുണയ്ക്കാനാണു സാധ്യത. കേരളത്തിലെ ഒരു എംഎല്‍എയുടെ മൂല്യം 152 വോട്ടാണ്. എംപിമാര്‍ക്കും നിയമസഭാ സമുച്ചയത്തില്‍ വോട്ടു ചെയ്യാമെങ്കിലും ആരും ആ താല്‍പര്യം നിയമസഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചിട്ടില്ല.

മുസ്!ലിം ലീഗിന്റെ പാറയ്ക്കല്‍ അബ്ദുല്ല തമിഴ്‌നാട് നിയമസഭയിലെ ബൂത്തിലായിരിക്കും വോട്ടു രേഖപ്പെടുത്തുക. രാജ്യത്തെ ഏതു വോട്ടെടുപ്പു കേന്ദ്രവും സൗകര്യാര്‍ഥം വോട്ടര്‍മാര്‍ക്കു തിരഞ്ഞെടുക്കാം.വരണാധികാരിയായ നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ജോയിന്റ് സെക്രട്ടറി എ.ഷൈലയാണ് സഹവരണാധികാരി. സിപിഎമ്മിന്റെ എസ്.ശര്‍മയും കോണ്‍ഗ്രസിന്റ അടൂര്‍ പ്രകാശും ഭരണ – പ്രതിപക്ഷങ്ങളുടെ കൗണ്ടിങ് ഏജന്റുമാരായിരിക്കും. ഒരു ബാലറ്റ് ബൂത്താണു ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ടിന് സ്‌ട്രോങ് റൂമില്‍നിന്നു ബാലറ്റ് പേപ്പറും അനുബന്ധ സാമഗ്രികളും ബൂത്തിലെത്തിക്കും.

മീരാകുമാറിന്റെയാണു ബാലറ്റിലെ ആദ്യപേര്. പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിക്കു നേരെ ഒന്ന് എന്ന് അക്കത്തില്‍ രേഖപ്പെടുത്തണം. ഇതിനായി പ്രത്യേക പേനയുണ്ടായിരിക്കും. രണ്ടാമത്തെയാള്‍ക്കും വോട്ടു ചെയ്യുന്നുവെങ്കില്‍ ‘2’ എന്നും രേഖപ്പെടുത്താം. ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. ബാലറ്റുകള്‍ ഇന്നു വൈകിട്ടു തന്നെ ഡല്‍ഹിയിലേക്കു കൊണ്ടുപോകും. കേരളത്തിലെ വോട്ടുനില പൂര്‍ണമായും വ്യക്തമാകാന്‍ വോട്ടെണ്ണല്‍ ദിനമായ 20 വരെ കാത്തിരിക്കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here