കൊച്ചി:യുവനടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊഴി നല്‍കിയതായി സൂചന. വ്യാഴാഴ്ചയാണ് പ്രതീഷ് ചാക്കോയെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കേസിലെ സുപ്രധാന തെളിവാണ് ഇതുവരെ കണ്ടെത്താനാകാത്ത ഈ മൊബൈല്‍ ഫോണ്‍. പള്‍സര്‍ സുനി തന്റെ കയ്യില്‍ ഫോണ്‍ തന്നിരുന്നതായി പ്രതീഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തന്റെ ജൂനിയറായ രാജു ജോസഫിനെ ഇത് ഏല്‍പ്പിച്ചെന്നും രാജു അത് നശിപ്പിച്ചുകളഞ്ഞെന്നുമാണ് പ്രതീഷിന്റെ മൊഴി. രാജു ജോസഫിനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം, പ്രതീഷിന്റെ മൊഴി പൊലീസ് പൂര്‍ണവിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി മൊഴി മാറ്റിപ്പറഞ്ഞിട്ടുണ്ടാകും എന്നാണു പൊലീസ് കരുതുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് ഒളിവിലായിരുന്ന പ്രതീഷ് ചാക്കോ ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരായത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിന് പ്രതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. തെളിവു നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ ഈ കുറ്റവും പ്രതീഷിനെതിരെ ചുമത്തും.

കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തില്ലെങ്കിലും ക്വട്ടേഷന്‍ കേസിന്റെ വിവരങ്ങള്‍ വ്യക്തമായി അറിയാവുന്നയാളാണു പ്രതീഷ് എന്ന് പൊലീസ് കരുതുന്നു. കുറ്റകൃത്യത്തിനു ശേഷം പള്‍സര്‍ സുനി തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചത് പ്രതീഷിനെയാണ്. ക്വട്ടേഷന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കോടതി മുന്‍പാകെ ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന നടന്‍ ദീലിപിനു കൈമാറാനാണു ഫോണ്‍ പ്രതീഷിനെ ഏല്‍പ്പിച്ചതെന്നു സുനില്‍ മൊഴി നല്‍കിയിട്ടുണ്ട്. മൂന്നാമതൊരാള്‍ വഴിയാണ് ഫോണ്‍ ദിലീപിന്റെ കൈവശമെത്തിയത്. എന്നാല്‍ ദിലീപിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഈ ഫോണാണു കേസിലെ സുപ്രധാന തൊണ്ടിമുതല്‍.

പ്രതീഷ് ചാക്കോയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റമാണു പ്രതീഷില്‍ ചുമത്തിയിട്ടുള്ളത്. ഇയാളെ വ്യാഴാഴ്ച രാത്രി വൈകി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതീഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേസമയം കേസില്‍ ഇനിയും പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) കാറില്‍ വച്ച് ദിലീപ് 10,000 രൂപ അഡ്വാന്‍സ് കൈമാറി. സുനില്‍കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപിന്റെ സഹായി അപ്പുണ്ണി ഒളിവിലാണെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് (ഡിജിപി) അറിയിച്ചു. ദിലീപിന്റെ ജാമ്യ ഹര്‍ജിയിലായിരുന്നു ഈ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here