മിഡ്‌ലാന്‍ഡ്പാര്‍ക്ക് (ന്യൂജേഴ്‌സി): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ കാതോലിക്കാദിനവിഹിതം, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന പ്രാര്‍ഥനാനിര്‍ഭരമായ ചടങ്ങില്‍വച്ച് കിഴക്കിന്റെ കാതോലിക്കായും, മലങ്കര മെത്രാപ്പൊലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ, ഏറ്റുവാങ്ങി. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വികാരിമാരും, കൈസ്ഥാനികളും പങ്കെടുത്ത ചടങ്ങില്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്താ, സഭയുടെ ഫിനാന്‍സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പൊലീത്താ, വൈദികട്രസ്റ്റി റവ.ഡോ.എം ഒ ജോണ്‍, അല്‍മായട്രസ്റ്റി ജോര്‍ജ് പോള്‍ എന്നിവരോടൊപ്പം സഭാമാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയി എണ്ണച്ചേരില്‍, ജോ ഏബ്രഹാം, ജോര്‍ജ് തുമ്പയില്‍, ഭദ്രാസനസെക്രട്ടറി ഫാ. സുജിത് തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. ബാബു കെ മാത്യു, ഫാ. മാത്യു തോമസ്, ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി എന്നിവരും വേദിയില്‍ ഉപവിഷ്ഠരായിരുന്നു.

ഉദ്ഘാടനപ്രസംഗം നിര്‍വഹിച്ച പരി. ബാവാ ഒരിക്കല്‍കൂടി നോര്‍ത്ത് അമേരിക്കയിലുള്ള സഭാമക്കളെ കാണുവാന്‍ സാധിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തി. നിങ്ങളെ കാണുവാനും സഭയ്ക്കുള്ള വിഹിതം ഏറ്റുവാങ്ങുവാനുമാണ് ഇത്തവണ എത്തിയിരിക്കുന്നത്. സഭയുടെ യശസ് ആഗോളതലത്തില്‍ തന്നെ ഉയരുന്നതിന് ഈ ഭദ്രാസനം കാണിക്കുന്ന താല്‍പര്യത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ദൈവനാമത്തില്‍ നന്ദി രേഖപ്പെടുത്തുകയാണ്. ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ്‌സെന്ററിനെപ്പറ്റി അറിഞ്ഞ് ദൂരെയായിരിക്കുന്ന പല സഭാമക്കളും ആശ്ചര്യപ്പെട്ടു, അതിശയിച്ചുകുറേപ്പേര്‍ പരിഭ്രമിച്ചു. ഈ റിട്രീറ്റ് സെന്റര്‍ കൂദാശ ചെയ്യപ്പെട്ടതോടുകൂടി സഭയുടെ ആത്മീയവും ഭൗതികവുമായ യശസ് ഉയര്‍ന്നിരിക്കുകയാണ്. ഇതോടൊപ്പം ആതുരസേവനരംഗത്തുള്ള പ്രവര്‍ത്തനങ്ങളും തുടരണം. വ്യവഹാരങ്ങള്‍ ആവശ്യമെന്നുവരികില്‍ അതും തുടരണം. സഭാമക്കള്‍ മനസിലാക്കേണ്ട ഒരു കാര്യം, കാതോലിക്കാദിന നിധിയില്‍ നിന്ന് വ്യവഹാരത്തിനുവേണ്ടി ഒന്നും എടുക്കാറില്ല എന്നതാണ്. അതിനുള്ള ഫണ്ട് വേറെയാണ്. സഭയോടൊപ്പം ദൈവമുണ്ട്, ആ സത്യം തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സഭ ഇപ്പോള്‍ ഇന്ത്യയ്ക്കകത്തും പുറത്തും വളര്‍ന്നുവലുതായി. സത്യത്തിന്റെ പാതയിലാണ് സഭ. സഭയുടെ ലക്ഷ്യവും അതു തന്നെയാണ്. ആ സത്യം നിലനില്‍ക്കണം. ഇതിനായി സഭ ഒട്ടാകെ പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും വേണം, പരി. ബാവാ പറഞ്ഞു.

എല്ലാവരെയും സ്വാഗതംചെയ്ത് ആമുഖപ്രസംഗം നടത്തിയ മാര്‍ നിക്കോളോവോസ്, കാതോലിക്കാദിന നിധി സമാഹരണത്തില്‍ നീതിയുക്തമായ സമീപനം എടുക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചു. അമേരിക്കയിലെ മിനിമം വേതനത്തിലധിഷ്ഠിതമായി ടാര്‍ജറ്റ്ക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. യാഥാര്‍ഥ്യമല്ലാത്ത ഉയര്‍ന്ന ടാര്‍ജറ്റ് നിജപ്പെടുത്തുന്നതുവഴി ഈ കാതോലിക്കാദിന നിധി നിര്‍വഹണം സാധ്യമല്ലാത്തതായി തീരുകയാണ്. 25 ഡോളറില്‍ നിന്ന് ഒറ്റയടിക്ക് 100 ഡോളര്‍ ആക്കിയത് താങ്ങാനായില്ല. അതുകൊണ്ട് ടാര്‍ജറ്റ് കുറച്ചുതരണം. വ്യത്യസ്തമായ ഒരു ബിസിനസ് പ്ലാന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു, സഭയുടെ കൂട്ടുത്തരവാദിത്വമുള്ള മൂന്ന് ട്രസ്റ്റികളും ഇരിക്കെത്തന്നെ മാര്‍ നിക്കോളോവോസ് യുക്തിസഹജമായി പ്രതിപാദിച്ചു.

അമേരിക്കന്‍ ഭദ്രാസനത്തില്‍ നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുള്ള മാര്‍ നിക്കോദീമോസ് (അന്ന് എം ജോണ്‍സണ്‍ അച്ചന്‍), ചരിത്രത്തിലൂടെ ഊളിയിട്ടു. 14 വര്‍ഷങ്ങള്‍ക്കുമുമ്പ് 11 വര്‍ഷങ്ങള്‍ അമേരിക്കന്‍ ഭദ്രാസന ഓഫീസില്‍ ആയിരുന്ന സമയത്ത് ഇതുപോലുള്ള കാര്യങ്ങള്‍ നടന്നിരുന്നില്ല. (കാതോലിക്കാദിന നിധി ഏറ്റുവാങ്ങാന്‍ ഡെലിഗേഷന്‍ എത്തുന്നതിനെ പരാമര്‍ശിച്ച്).
മലങ്കരസഭയ്ക്ക് മൊത്തമായി അഭിമാനിക്കുവാന്‍ ഈ പശ്ചിമനാട്ടില്‍ 316 ഏക്കര്‍ സ്ഥലം വാങ്ങിയെന്നത് സന്തോഷകരമാണ്. നല്ലയൊരു അടിത്തറയില്‍ തുടങ്ങിയ ഭദ്രാസനം ഇന്ന് കൈവരിച്ചിരിക്കുന്ന നിരവധിയായ പുരോഗതികളാല്‍ ധന്യമാണ്. ഈ വളര്‍ച്ച കണ്ട് സന്തോഷിക്കുന്നവരില്‍ ഒരാളാണ് താനും, മാര്‍ നിക്കോദീമോസ് പറഞ്ഞു.

വൈദികട്രസ്റ്റി റവ. ഡോ എം ഒ ജോണും ചരിത്രം പറഞ്ഞാണ് തുടങ്ങിയത്. 160 വര്‍ഷങ്ങള്‍ക്കുമുമ്പ് കാലംചെയ്ത പിതാക്കന്‍മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ആയിരുന്നു കഴിഞ്ഞയാഴ്ച. കുരിശുമാലയും സ്ലീബായും പണയം വച്ചാണ് അവര്‍ സഭയെ നയിച്ചത്. അവിടെ നിന്നാണ് 10 കോടിയുടെ ബജറ്റുമായി സഭ ഇപ്പോള്‍ നില്‍ക്കുന്നത്. അമേരിക്കന്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടാണ് എം ഒ ജോണച്ചന്‍ അവസാനിപ്പിച്ചത്. അല്‍മായട്രസ്റ്റി ജോര്‍ജ് പോളും അമേരിക്കന്‍ ഭദ്രാസനത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ അഭിമാനം രേഖപ്പെടുത്തി. ഭദ്രാസനത്തിന്റെ നേതൃത്വനിരയുമായി അടുത്തിടപഴകുവാന്‍ സാധിച്ചു. സഭയ്ക്കായി ഓരോ സഭാംഗവും ചെയ്യുന്ന നിസ്വാര്‍ഥമായ സേവനങ്ങളെ ഉത്സാഹപൂര്‍വമാണ് നോക്കിക്കാണുന്നത്. ആത്മീയമായി വളര്‍ച്ച പ്രാപിക്കുന്നതിനനുസരിച്ച്, അതിനുള്ള പാത സുഗമമാക്കുവാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ശ്ലാഘിക്കേണ്ടിയിരിക്കുന്നു. മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വപാടവത്തെ വാനോളം പുകഴ്ത്തിയാണ് ജോര്‍ജ് പോള്‍ അവസാനിപ്പിച്ചത്.

തുടര്‍ന്ന് വിവിധ ഇടവകകളില്‍ നിന്നുള്ളവരെ കാതോലിക്കാദിന നിധി പരി.ബാവായെ ഏല്‍പിക്കുവാന്‍ കൗണ്‍സില്‍ അംഗം സജി എം പോത്തനും ഭദ്രാസനസെക്രട്ടറി ഫാ. സുജിത് തോമസും ക്ഷണിച്ചു. രണ്ടുലക്ഷത്തിലധികം ഡോളര്‍ ഈയിനത്തില്‍ പരി. ബാവാ കൈപ്പറ്റി. 2016ല്‍ ടാര്‍ജറ്റ് തികച്ച ഇടവകകള്‍ക്കുള്ള ട്രോഫികള്‍ പരി. ബാവാ വിതരണം ചെയ്തു.

ഫെയര്‍ലെസ്സ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയ്ക്ക് ലഭിച്ചു. ഈ രണ്ട് ഇടവകകളും ടാര്‍ജറ്റില്‍ കൂടിയ തുക സമാഹരിച്ചു.

ഭദ്രാസനസെക്രട്ടറി ഫാ. സുജിത് തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു. പരി. ബാവായുടെ ശ്ലൈഹിക സന്ദര്‍ശനം പ്രമാണിച്ച് മിഡ്‌ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഇടവക വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. പള്ളിയും പരിസരവും കൊടിതോരണങ്ങളാല്‍ അലങ്കരിച്ചിരുന്നു.

പരി.ബാവായുടെ ശ്ലൈഹികവാഴ്‌വോടെ പരിപാടികള്‍ സമാപിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here