തിരുവനന്തപുരം: പൈതൃകസ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമകള്‍ക്ക് വിട്ടുകൊടുക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിനാണ് കൊട്ടാരത്തിന്റെയും 64.5 ഏക്കര്‍ സ്ഥലത്തിന്റെയും കൈവശാവകാശം വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ടാണ് കൈമാറ്റം. സിപിഐയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് കൊട്ടാരം വിട്ടു നല്‍കിയത്.
ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരമാണ് കൊട്ടാരം ആര്‍പി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. കൈമാറുന്നതിനെ ജൂണ്‍ 21ലെ മന്ത്രിസഭായോഗത്തില്‍ കൊട്ടാരം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ എതിര്‍ത്തിരുന്നു. ആയൂര്‍വേദ ചികിത്സയിലായതിനാല്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ചന്ദ്രശേഖരന്‍ പങ്കെടുത്തില്ല. സിപിഐ നേതാക്കളും കൈമാറ്റത്തെ പരസ്യമായി എതിര്‍ത്തിരുന്നു.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരം ഹോട്ടലുടമകള്‍ക്ക് നല്‍കണമെന്ന ടൂറിസം വകുപ്പ് ശുപാര്‍ശ വന്നപ്പോള്‍തന്നെ റവന്യൂ വകുപ്പ് നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം തേടിയിരുന്നു. കൊട്ടാരത്തിന്റെ ഉടമസ്ഥതയ്ക്ക് വേണ്ടി സര്‍ക്കാര്‍ സിവില്‍കേസ് ഫയല്‍ ചെയ്യണമെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. എന്നാല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം കണക്കിലെടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി. കൊട്ടാരം ഹോട്ടലുടമകള്‍ക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റ നിര്‍ദ്ദേശം.

ഇന്ത്യാ ടൂറിസം വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലായിരുന്ന കോവളം കൊട്ടാരവും ഭൂമിയും 2002ല്‍ കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്കുവെച്ചപ്പോള്‍ ഗള്‍ഫാര്‍ ഗ്രൂപ്പ് 43.68 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. പിന്നീട് ലീലാ ഗ്രൂപ്പും തുടര്‍ന്ന് രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി. ഗ്രൂപ്പും സ്വന്തമാക്കി. 2004ല്‍ സംസ്ഥാന സര്‍ക്കാര്‍ പൈതൃകസ്മാരകമായ കോവളം കൊട്ടാരവും ഭൂമിയും തിരികെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കൊട്ടാരം ഏറ്റെടുത്തതിനു നിയമപരിരക്ഷ നല്‍കാന്‍ 2005ല്‍ കോവളം കൊട്ടാരം ഏറ്റെടുക്കല്‍ നിയമവും കൊണ്ടുവന്നു. ഇതോടെയാണ് നിയമപോരാട്ടം തുടങ്ങിയത്. 64.5 ഏക്കര്‍ ഭൂമിയും കൊട്ടാരവുമാണ് ഇവിടെയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here