ഹൂസ്റ്റന്‍: മനുഷ്യന്‍ സ്വാര്‍ഥത വെടിഞ്ഞ്  കരുതലിന്റെയും സ്‌നേഹത്തിന്റെയും ആത്മാവില്‍ ജീവിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മോര്‍ യൗസേബിയോസ് ആഹ്വാനം ചെയ്തു. 

സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ്  ഇടവക ഷുഗര്‍ലാന്‍ഡില്‍ വാങ്ങിയ ദേവാലയ കൂദാശയോടനുബന്ധിച്ചു കുര്‍ബാന മധ്യേ പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത. ചടങ്ങിനെത്തിയ വിശിഷ്ഠാതിഥികളായ ഇടവക മെത്രാപ്പോലീത്ത അലക്‌സിയോസ് മോര്‍ യൂസേബിയോസ്, റാന്നിനിലയ്ക്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മോര്‍ നിക്കോദിമോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ഏബ്രഹാം മറ്റു വൈദിക ശ്രേഷ്ഠര്‍ തുടങ്ങിയവരെ വികാരി റവ. പി.എം. ചെറിയാന്‍, റിസപ്ക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വാദ്യഘോഷങ്ങളുടെ അകന്പടിയോടെ, വീഥിക്ക് ഇരുവശവും കത്തിച്ചു പിടിച്ച മെഴുകുതിരികളും, സ്വാഗത ഗാനവും ആലപിച്ചു മോര്‍ത്ത് മറിയം സമാജാംഗങ്ങള്‍ വിശിഷ്ഠാതിഥികളെ ദേവവാലയത്തിലേക്ക് ആനയിച്ചു. ഇടവക മെത്രാപ്പോലീത്ത നാട മുറിച്ച് ദേവാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചതോടെ കൂദാശയുടെ ഒന്നാം ഘട്ടം ആരംഭിച്ചു. രാത്രി ഭക്ഷണത്തോടെ ആദ്യ ദിന പരിപാടികള്‍ സമാപിച്ചു.

രണ്ടാം ദിനം രാവിലെ ഏഴു മണിക്കു പ്രഭാത നമസ്‌കാരത്തോടെ കൂദാശയുടെ രണ്ടാം ഘട്ടം ആരംഭിച്ചു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയോടുകൂടി സമാപിച്ചു. റാന്നിനിലയ്ക്ല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മോര്‍ നിക്കോദിമോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവകാംഗവും മുന്‍ വികാരിയുമായ ഫാ. ജോണ്‍ ഗീവര്‍ഗീസ്, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.

തുടര്‍ന്നു നടന്ന പൊതു സമ്മേളനം റാന്നിനിലയ്ക്ല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മോര്‍ നിക്കോദിമോസ് ഉദ്ഘാടനം ചെയ്തു. ഇടവക മെത്രാപ്പോലീത്ത അലക്‌സിയോസ് മോര്‍ യൌസേബിയോസ് അധ്യക്ഷത വഹിച്ചു. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, ഇന്ത്യന്‍ കോണ്‍സല്‍ (പി.എസ്.ഒ.) ആര്‍.ഡി. ജോഷി, സ്റ്റാഫോഡ് സിറ്റി കൌണ്‍സില്‍ അംഗം കെന്‍ മാത്യു, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ഏബ്രഹാം തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സുവനീറിന്റെ പ്രകാശനം ഇടവക മെത്രാപ്പോലീത്ത, മുന്‍ വികാരി ഫാ. ജോണ്‍ ഗീവര്‍ഗീസിനു നല്‍കി നിര്‍വഹിച്ചു.

ഇടവക വികാരി റവ.ഫാ. പി.എം. ചെറിയാന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ തോമസ് വര്‍ഗീസ് നന്ദിയും പ്രകാശിപ്പിച്ചു. രണ്ടു ദിവസമായി നടന്ന കൂദാശയില്‍ സഹോദരി ഇടവകകളില്‍ നിന്നും സമൂഹത്തിലെ നാനാ തുറകളില്‍ നിന്നും നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്നു സ്‌നേഹ വിരുന്നോടെ കൂദാശ കര്‍മ്മങ്ങള്‍ക്കു സമാപനമായി.

ചിത്രങ്ങള്‍: ജോര്‍ജുകുട്ടി കോട്ടയ്ക്ക്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here