ദുബായ്:സാമ്പത്തിക കുറ്റകൃത്യത്തില്‍ പെട്ടതിനെ തുടര്‍ന്ന് ദുബൈ ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ എം എം രാമചന്ദ്രന്‍ (76) മോചിതനായെന്ന വാര്‍ത്ത ശരിയല്ലെന്ന് അടുത്ത വൃത്തങ്ങള്‍. ഇതുസംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെന്നും, എന്നാല്‍ അത് തെറ്റാണെന്നും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കി. രാമചന്ദ്രന്റെ മോചനത്തിനായി ബാങ്കുകളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മോചനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് തൃശൂര്‍ സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രനെ ദുബൈ കോടതി ശിക്ഷിച്ചത്. 2015 ഡിസംബര്‍ 11ന് ദുബൈ കോടതി അദ്ദേഹത്തെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.
15ലേറെ ബാങ്കുകളില്‍നിന്നായി അറ്റ്‌ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിര്‍ഹം (ആയിരം കോടിയോളം രൂപ) വായ്പയെടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ആറു കേസുകളാണു ദുബൈയില്‍ രജിസ്റ്റര്‍ ചെയ്തത്.22 ബാങ്കുകളുമായാണ് കേസ് നടക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ കേസില്‍ ഒത്തുതീര്‍പ്പിനെത്തിയിരുന്നു. അവശേഷിക്കുന്ന ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി കേസുകള്‍ ഒഴിവാക്കാനാണ് ശ്രമം നടക്കുന്നത്. അറ്റ്‌ലസ് ഗ്രൂപ്പിന്റെ കട ബാധ്യത തീര്‍ക്കുന്നതിനായി അറ്റ്‌ലസിന്റെ മസ്‌കറ്റിലെ ആശുപത്രി പ്രമുഖ വ്യവസായി ഡോ. ബി ആര്‍ ഷെട്ടിക്ക് വിറ്റിരുന്നു. ഇതിലൂടെ കിട്ടിയ പണം കടം വീട്ടാനുപയോഗിക്കും. രാമചന്ദ്രന്റെ മകളും ഭര്‍ത്താവും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലാണ്. ഭാര്യ മാത്രമാണ് പുറത്തുള്ളത്. 2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മോഷമാണെന്ന് ഭാര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here