കോട്ടയം:കേരളത്തില്‍ സമീപകാലത്ത് നടന്ന വിവാദമായ മതംമാറ്റങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. മതമാറ്റങ്ങള്‍ക്കു പിന്നിലെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. പല മതമാറ്റങ്ങള്‍ക്കും പിന്നിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. ഇതിന്റെ ഭാഗമായി ഒരോ ജില്ലയിലെയും മിശ്രവിവാഹങ്ങളുടെ എണ്ണം എടുക്കുന്നുണ്ട്. ഇതില്‍ സംശയമുള്ളവയാണ് രഹസ്യാന്വേഷണ വിഭാഗം പ്രത്യേകം പരിശോധിക്കുന്നത്. വിവാഹത്തിന് മുന്‍പും അതിനു ശേഷവുമുള്ള സാമ്പത്തിക സ്ഥിതി, പ്രലോഭനങ്ങള്‍ ഉണ്ടായിട്ടുണ്ടോ, വിവാഹത്തിന് കുടുംബത്തില്‍ നിന്ന് ലഭിച്ച പിന്തുണ, ഏതൊക്കെ സംഘടനകള്‍ ഇടപെട്ടു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. പ്രണയമാണ് വിവാഹത്തിലേക്കും പിന്നീട് മതം മാറ്റത്തിലേക്കും എത്തിച്ചതെന്നാണ് വിലയിരുത്തല്‍. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ വന്‍തോതില്‍ നടന്നിരുന്ന മതപരിവര്‍്ത്തനം ഇപ്പോള്‍ തെക്കന്‍ ജില്ലകളിലേക്കും പടര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം തുടങ്ങിയ ജില്ലകളിലും മതപരിവര്‍ത്തനം വ്യാപകമാണ്. ഇതില്‍ സ്വന്ത ഇഷ്ടപ്രകാരമുളള മതപരിവര്‍ത്തനങ്ങളും ഉണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് കാരണം സാമ്പത്തിക പരാധീനതയാണെന്നാണ് വിലയിരുത്തല്‍. പ്രലോഭിപ്പിച്ചുള്ള മതപരിവര്‍ത്തനമാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. ഇങ്ങനെ മതംമാറിയവരെ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതായ വിവരവും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണക്കിലെടുത്തിട്ടുണ്ട്.
സാമ്പത്തികമായി ദുര്‍ബലമായ കുടുംബങ്ങളില്‍ നിന്നുളള കുട്ടികളാണ് കൂടുതലും മതം മാറ്റങ്ങള്‍ക്ക് ഇരയാകുന്നത്. ഇത് കൂടാതെ സാമ്പത്തികം വാഗ്ദാനം ചെയ്തും കുടുംബത്തെ ഒന്നാകെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നതായും വിവരമുണ്ട്. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പ് അവഗണിച്ച് മതം മാറിയവര്‍ക്ക് പിന്തുണയുമായി തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ എത്തുന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇത്തരം സംഘടനകളാണ് വന്‍തോതില്‍ പണമൊഴുക്കുന്നതും. മതം മാറ്റത്തിന് വിധേയരാകുന്ന പെണ്‍കുട്ടികളെ രക്ഷിതാക്കളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതും ഇത്തരം സംഘടനകളാണ്. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ പരിശോധിക്കേണ്ടി വരുമെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here