ഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂരിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഭീകരർ ധരിച്ചിരുന്നത് പാക്കിസ്ഥാനിൽ നിർമിച്ച കയ്യുറ (ഗ്ലൗസ്) ആയിരുന്നുവെന്ന് അന്വേഷണസംഘം. ‘മെയ്ഡ് ഇൻ പാക്കിസ്ഥാൻ’ എന്ന ടാഗ് കയ്യുറയിൽ ഉണ്ടായിരുന്നു. രാത്രി ദൃശ്യങ്ങൾ വ്യക്തമായി കാണുവാൻ സാധിക്കുന്ന ഉപകരണവും ഇവരിൽ നിന്ന് കണ്ടെത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു.

പൊലീസിന്റെയും സൈന്യത്തിന്റെയും പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ പോസ്റ്റ്മോർട്ടം നിർവഹിച്ച ഡോക്ടർമാരാണ് കയ്യുറയിലെ ടാഗ് കണ്ടത്. മൂന്നു ഭീകരരിൽ ഒരാളുടെ കൈയ്യിലാണ് ടാഗ് കണ്ടെത്തിയത്. പാക്കിസ്ഥാന് ഭീകരാക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ഇതെന്ന് പൊലീസ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഭീകർക്കെതിരായ ആക്രമണത്തിനുശേഷം പൊലീസ് സ്റ്റേഷനും പരിസരങ്ങളും അരിച്ചുപെറുക്കിയിരുന്നുവെങ്കിലും യാതൊന്നും കണ്ടെത്താനായിരുന്നില്ല. പിന്നീട് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ ഡോക്ടർമാർക്ക് കൈമാറി. അവരു നടത്തിയ പരിശോധനയിലാണ് മെയ്ഡ് ഇൻ പാക്കിസ്ഥാൻ എന്ന ടാഗ് ഭീകരന്റെ കയ്യുറയിൽ കണ്ടെത്തിയത്.

യുഎസ് സർക്കാരിന്റേതെന്നു രേഖപ്പെടുത്തിയ രാത്രികാല ദൃശ്യങ്ങൾ വ്യക്തമാക്കുന്ന ഒരു ഉപകരണവും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് ലഭിച്ചതാകാം ഈ ഉപകരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നതെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ഗുർദാസ്പൂരിലെ ദിനഗറിൽ കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തിൽ പൊലീസ് സൂപ്രണ്ട് ബൽജിത് സിങ് അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു ഭീകരരെയും 12 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാ സേന വധിച്ചത്. ഭീകരരെ വധിച്ച സ്ഥലത്തുനിന്ന് രണ്ട് ജിപിഎസുകൾ കിട്ടിയിരുന്നു. ഒന്നിൽ ദിനനഗർ പൊലീസ് സ്റ്റേഷന്റെ സ്ഥലവിവരം രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊന്നു പരിശോധിച്ചപ്പോൾ അതിർത്തിയിലെ ബാമിയൽ എന്ന സ്ഥലത്തുകൂടിയാണ് അവർ ഇന്ത്യയിലേക്കു പ്രവേശിച്ചതെന്നും സൂചന ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here