കൊച്ചി: സാമൂഹ്യ വിഷയങ്ങളില്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനു വേണ്ടി ട്രോള്‍ ഗ്രൂപ്പുകളെ കൂട്ടു പിടിച്ച് കേരള പൊലീസിന്റെ സൈബര്‍ വിംഗ്. ആയിരക്കണക്കിന് ജനങ്ങള്‍ ഫോളോ ചെയ്യുന്ന ഈ ഗ്രൂപ്പുകളുടെ പേജുകളിലൂടെ പൊലീസ് സന്ദേശം എത്തിക്കുക എന്നതാണ് പദ്ധതി.
ഐസിയു പോലുള്ള ട്രോള്‍ ഗ്രൂപ്പുകളുമായി ധാരണയിലെത്തിയതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിയുവിന് 8.5 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലുമുണ്ട്. ഇവരിലേക്ക് പൊലീസ് സന്ദേശം വ്യത്യസ്ത ട്രോളുകളിലൂടെ എത്തിക്കുക എന്നതാണ് പദ്ധതി.
സൈബര്‍ ഡോമുമായുള്ള സഹകരണത്തിന്റെ ഭാഗമായി സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ ഗ്രൂപ്പിലെ മെമികളിലൂടെ ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ബ്ലൂവെയ്ല്‍ ഗെയിമിനെ കുറിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ ഓഫീസര്‍മാര്‍ ഞങ്ങളെ ബന്ധപ്പെടുകയും ഗെയിം കളിക്കാനുള്ള താല്‍പര്യത്തെ ഇല്ലാതാക്കുന്ന തരത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ഐസിയു അഡ്മിന്‍ ഹൃഷികേശ് ഭാസ്‌കരന്‍ പ്രതികരിച്ചു.
എന്നാല്‍ ഇത്തരം ഗ്രൂപ്പുകളിലൂടെ സര്‍ക്കാര്‍ അനുകൂല പ്രചരണം നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഡോ, വത്സന്‍ തമ്പു പ്രതികരിച്ചു. എന്തു കൊണ്ട് പൊലീസ് തങ്ങളുടെ അക്കൗണ്ടിലൂടെ ഇത് നടത്തുന്നില്ല. ശരിയായി നടത്താതെ വളഞ്ഞ വഴിയിലൂടെ ഇടപെടലുകള്‍ ശരിയായ കീഴ്‌വഴക്കമല്ലെന്നും വത്സന്‍ തമ്പു പറഞ്ഞു.
ഇത്തരം പേജുകളുടെ സാമൂഹ്യ സ്വാധീനം ബോധ്യപ്പെട്ടതു കൊണ്ടാണ് ഞങ്ങള്‍ ഇപ്പോള്‍ ഇത്തരത്തില്‍ ഇടപെടുന്നത്. ഒരു കാര്യത്തെ കുറിച്ച് ട്രോള്‍ വരുന്നതിനു മുന്‍പും ശേഷവുമുള്ള കാര്യങ്ങള്‍ പരിശോധിച്ചു. പൊലീസിന്റെ മുഖച്ഛായ മാറ്റുവാന്‍ ഇതിലൂടെ സാധിക്കുമെന്നും ഒരു മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here