കൊല്ലം:മദ്യലഹരിയില്‍ തട്ടിക്കൊണ്ടുപോയി, അതും ഒരു ആനബസ്!.കൊല്ലത്ത് മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസ് കടത്തികൊണ്ടുപോകാനാന്‍ ശ്രമിച്ച യുവാവാണ് പിടിയിലായത്. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി ശിവജ്യോതിയില്‍ അലോഷിയാണ് വീട്ടില്‍ പോകാനായി കെഎസ്ആര്‍ടിസി ബസ് എടുത്തുകൊണ്ടു പോയത്. ഇന്നലെയാണ് രസകരമായ സംഭവം അരങ്ങേറിയത്.
മദ്യലഹരിയില്‍ എങ്ങനെ വീട്ടില്‍ പോകുമെന്ന ആലോചനയാണ് അലോഷിയെ കെഎസ്ആര്‍ടിസിയില്‍ എത്തിച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല. കൊല്ലത്ത് ലിങ്ക് റോഡില്‍ സര്‍വ്വീസ് കഴിഞ്ഞ് പാര്‍ക്ക് ചെയ്തിരുന്ന കണ്ണനല്ലൂര്‍ തിരുവനന്തപുരം റൂട്ടിലോടുന്ന ബസ് തന്നെയങ്ങ് കടത്തി. രാത്രി 12 മണിയോടെ ബസോടിച്ച് ചിന്നകടയിലെത്തി ഓവര്‍ ബ്രിഡ്ജിലേക്ക് തിരിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചതോടെയാണ് സംഭവം കൈവിട്ടു പോയത്.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെത്തി ഇയാളെ കയ്യോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍, വീട്ടിലേക്ക് പോകാനാണ് കെഎസ്ആര്‍ടിസി ബസ് എടുത്തതെന്ന് അലോഷി പൊലീസിനോട് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയതെന്നും രണ്ടു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നെന്നും അലോഷി പറഞ്ഞു.ഓട്ടോ റിക്ഷാ ഡ്രൈവറായ അലോഷിക്ക് ലോറി ഓടിക്കാന്‍ അറിയാമെന്നും മദ്യലഹരിയിലാണ് ബസ് കടത്തിയതെന്നും പൊലീസ് പറഞ്ഞു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
എന്തായാലും കെഎസ്ഇബിക്കും കെഎസ്ആര്‍ടിസിക്കും എട്ടിന്റെ പണിയാണ് അലോഷി മദ്യലഹരിയില്‍ കൊടുത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here