തിരുവനന്തപുരം:സിപിഎമ്മിലെ വനിതാനേതൃത്വത്തിലെ കരുത്തറ്റ സാന്നിധ്യമായ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഭാവിയ്ക്കു കരിനിഴല്‍. ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ.ശൈലജയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുകയാണ്. മന്ത്രിസഭ അധികാരത്തിലെത്തി ഒരുവര്‍ഷം പിന്നിടുമ്പോഴും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയെന്നും പാര്‍ട്ടിക്കുള്ളിലെ വിമര്‍ശകര്‍ ആരോപിക്കുന്നു. ചുരുങ്ങിയപക്ഷം, കെ.കെ.ശൈലജയില്‍നിന്ന് ആരോഗ്യവകുപ്പ് എടുത്തുമാറ്റി സര്‍ക്കാരിന്റെ മുഖം മിനുക്കണമെന്നാണു പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. വകുപ്പു സെക്രട്ടറിയുടെ നിയന്ത്രണത്തിലാണു മന്ത്രിയെന്നു ഘടകകക്ഷികളും ആരോപിക്കുന്നു. പനിമരണങ്ങള്‍ കൂടിയതിലൂടെ സര്‍ക്കാരിനു മോശം പ്രതിഛായയുണ്ടായതും അനായാസമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന മെഡിക്കല്‍ പ്രവേശന നടപടികള്‍ താറുമാറായതും ഹൈക്കോടതിയില്‍നിന്നു രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതും ഭരണത്തില്‍ മന്ത്രിയുടെ നിയന്ത്രണമില്ലായ്മയാണു വ്യക്തമാക്കുന്നതെന്ന അഭിപ്രായമാണു ഘടകക്ഷികള്‍ക്ക്.
മന്ത്രിയുടെ ഓഫിസും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫിസും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും കാര്യങ്ങളെ വഷളാക്കിയിട്ടുണ്ട്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലുള്ള കാര്യങ്ങളില്‍പ്പോലും വേഗത്തില്‍ തീരുമാനമെടുക്കാന്‍ സെക്രട്ടറിയുടെ ഓഫിസ് തയാറാകുന്നില്ലെന്നും ഫയലുകളിലെ തീരുമാനം തങ്ങളെ അറിയിക്കുന്നില്ലെന്നും മന്ത്രിയുടെ ഓഫിസ് കുറ്റപ്പെടുത്തുന്നു. മെഡിക്കല്‍ പ്രവേശന നടപടികളില്‍ വീഴ്ചയുണ്ടായതോടെ ഭരണം മെച്ചപ്പെടുത്തണമെന്ന സന്ദേശമാണു മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിക്കു നല്‍കിയത്. പഴ്‌സനല്‍ സ്റ്റാഫില്‍ ചില മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ പരിചയമുള്ളവരെ നിയമിച്ചു. എന്നാല്‍, ഉദ്യോഗസ്ഥര്‍ അനാവശ്യമായി ഭരണത്തില്‍ കൈകടത്തുന്ന സ്ഥിതി തുടരുന്നതായാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതില്‍ എങ്ങനെ മാറ്റം കൊണ്ടുവരാമെന്ന ആലോചനയാണ് പാര്‍ട്ടിയില്‍ പുരോഗമിക്കുന്നത്.
മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന അഭിപ്രായമൊന്നും പാര്‍ട്ടി നേതൃത്വത്തിനില്ല. മറിച്ച്, ഭരണത്തില്‍ വേഗതയുണ്ടാകണമെന്ന അഭിപ്രായമാണുള്ളത്. ഇതിനു വകുപ്പുമാറ്റം എന്ന നിര്‍ദേശം ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. പുതുതായി രൂപീകരിക്കുന്ന വനിതാ വകുപ്പിന്റെ ചുമതല കെ.കെ.ശൈലജയ്ക്കു നല്‍കി ആരോഗ്യവകുപ്പിന്റെ മന്ത്രിയായി പുതിയ ഒരാളെ നിയമിക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. ജി.സുധാകരന് ആരോഗ്യം നല്‍കണമെന്ന രീതിയിലും അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. പുതിയ സാഹചര്യത്തില്‍ ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമായിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here