ഫിലാഡല്‍ഫിയ: യുവപ്രതിഭകളുടെ മിന്നുന്ന പ്രകടനങ്ങളുടെ വര്‍ണ്ണ പ്രഭയില്‍ ‘കല’ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓണം- ഇന്ത്യന്‍ സ്വാതന്ത്ര്യദിന സംയുക്ത ആഘോഷ പരിപാടികള്‍ സമൂഹശ്രദ്ധ പിടിച്ചുപറ്റി. പെന്‍സില്‍വാനിയയിലെയും സമീപ പ്രദേശങ്ങളിലേയും മലയാളീ കുടുംബങ്ങള്‍ തുടര്‍ച്ചയായ 39-ാമത് തവണയാണ് കലയുടെ നേതൃത്വത്തില്‍ ഒന്നുചേര്‍ന്ന് ജന്മനാടിന്റെ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കുന്നത്.

ആഗസ്റ്റ് 26 ശനിയാഴ്ച ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയെ തുടര്‍ന്ന് താലപ്പൊലിയും ചെണ്ടമേളവും തിരുവാതിരയുമായി മഹാബലിക്ക് സ്വീകരണം നല്‍കി. കലാ പ്രസിഡന്റ് ഡോ കുര്യന്‍ മത്തായി, ഓണം കമ്മിറ്റി ചെയര്‍മാന്‍ ജോജോ കോട്ടൂര്‍ കോര്‍ഡിനേറ്റേഴ്സ് ജോര്‍ജ് മാത്യു, അലക്സ് ജോണ്‍, ട്രഷറര്‍ ബിജു സഖറിയ, രേഖാ ഫിലിപ്പ്, രാജപ്പന്‍ നായര്‍, സണ്ണി എബ്രഹാം, തോമസ് എബ്രഹാം, പ്രഭാ തോമസ്, മത്തായി പി ചാക്കോ, ജോസ് വി ജോര്‍ജ്, ജോജി ചെറുവേലില്‍ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫിലാഡല്‍ഫിയാ സിറ്റി ടാക്സ് റിവ്യൂ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മെലിസ സി ആന്‍ഡ്രേ മുഖ്യാതിഥി ആയിരുന്നു. ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, RVP സാബു സ്‌കറിയ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. പ്രസിദ്ധ സാഹിത്യകാരന്‍ അശോകന്‍ വേങ്ങശേരി തിരുവോണ സന്ദേശവും നോവലിസ്റ്റ് നീനാ പനയ്ക്കല്‍ സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി. മെറിന്‍ ബേബി, സ്നേഹാ റെജി എന്നിവര്‍ ആങ്കര്‍മാരായിരുന്നു.

നുപുര ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഭാരതീയ നൃത്തങ്ങള്‍ കലാകേരത്തിന്റെ നടനവൈഭവം വിളിച്ചോതുന്നവയായിരുന്നു.

അമേരിക്കയിലെ ഇന്ത്യന്‍ യുവത്വത്തിന്റെ ഊര്‍ജ്ജവും അര്‍പ്പണബോധവും പ്രകടമാക്കിയ ധ്വനി ബീറ്റ്സ്, പുണ്യാളന്‍സ് എന്നീ ഡാന്‍സ് ട്രൂപ്പുകളുടെ സമകാലീന നൃത്ത പ്രകടനങ്ങള്‍ സദസ്യരില്‍ നിന്ന് നീണ്ട കയ്യടി നേടി. അലീഷ്യ, ഹെല്‍ഡ, അനുപ് , കെവിന്‍ എന്നിവരുടെ ഗാനങ്ങളും 7- ടോണ്‍ എന്റര്‍ടെയിന്റ്മെന്റ്, കലാഭവന്‍ യു എസ് എ എന്നീ ബാന്‍ഡുകളുടെ പ്രത്യേക സംഗീത പരിപാടികളും പ്രേക്ഷക ഹൃദയങ്ങളില്‍ രാഗ വിസ്മയം തീര്‍ത്തു.

കേരളീയ വസ്ത്രധാരണ മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്ക് പ്രസിഡന്റ് ഡോ കുര്യന്‍ മത്തായി പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി ജോജോ കോട്ടൂര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here