ഹ്യൂസ്റ്റനിലെ പ്രളയത്തില്‍ ദുരിതിക്കുന്നവരുടെ വേദനയില്‍ ലാന ചേരുന്നു. തോരാതെ പെയ്യുന്ന പേമാരിയും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും ഒരു പ്രദേശത്തെയാകെ തകര്‍ത്തിരിക്കുന്നു. ഫലപ്രദമായ മുന്‍കരുതലുകളും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടുപോലും ദുരിതത്തിന്റെ തീവ്രത കുറക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രകൃതിയുടെ ഈ ശിക്ഷക്കിരയായവര്‍ പതിനായിരങ്ങളാണ്.
ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം വെള്ളത്തിലാകുന്നതു നോക്കിനില്‍ക്കേണ്ടി വരുന്ന നിസ്സഹായരുടെ വേദന ഏതൊരു സാഹിത്യകാരനെയാണ് വികാരഭരിതനാക്കാത്തത്! ഈ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുണ്ട്. അവരുടെ ബന്ധുക്കളുടെ വിലാപം ഏതു കര്‍ണ്ണപുടങ്ങളിലാണ് വന്നലക്കാത്തത്!

ഓര്‍ത്തു നോക്കൂ, തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ, മേല്‍ക്കൂരയില്‍ കയറിനിന്നു മോങ്ങുന്ന നായയുടെ പോലും വേദന ഏറ്റു വാങ്ങിയത് ഹൃദയാലുവായ ഒരു സാഹിത്യകാരന്‍- തകഴിയായിരുന്നു. ഇന്ന് ഹ്യൂസ്റ്റനില്‍ ഉയരുന്നത് വിലാപമാണ്-ആയിരങ്ങളുടെ വിലാപം! ആ വേദനയില്‍ സാഹിത്യകാരന്‍ പങ്കാളിയാകണം. അകലെനിന്നാണെങ്കിലും ആശ്വസിപ്പിക്കാന്‍ ഒരു വാക്കു വിളിച്ചറിയക്കണം. കയ്യെത്താത്ത ദൂരത്തു നിന്നായാലും സഹായഹസ്തം നീട്ടണം.

ലാനയുടെ പ്രവര്‍ത്തകര്‍ സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. അത് നമ്മുടെ ധര്‍മ്മമാണ്. ഹൂസ്റ്റനില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരെ-ജാതി-മത-വര്‍ഗ്ഗ ഭേദം നോക്കാതെ ഫലപ്രദമായി സഹായിക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്യുന്നതായി ലാനയുടെ ഭാരവാഹികള്‍ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here