ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായമെത്രാപ്പോലീത്ത ആയി അടൂര്‍ – കടമ്പനാട് ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതിയന്‍ കതോലിക്കാ ബാവാ നിയമിച്ചു. നിയമനം  സെപ്റ്റംബര്‍ 20 മുതല്‍  പ്രാബല്യത്തില്‍ വന്നു. ഭദ്രാസന ഭരണ നിര്‍വ്വഹണത്തില്‍ കതോലിക്കായെ സഹായിക്കുക എന്നാണ് സഹായ മെത്രാപ്പോലീത്തായുെട നിയമനോദ്ദേശ്യം.
മാര്‍ അപ്രേം മലബാര്‍ ഭദ്രാസനത്തിലെ ചുങ്കത്തറ സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകാംഗമായ  ഇ. കെ. കുര്യാക്കോസ് ശോശാമ്മ ദമ്പതികളുടെ പുത്രനായി 1966 ല്‍ ജനിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബിരുദ പഠനത്തിനുശേഷം കോട്ടയം സെമിനാരിയില്‍ നിന്നും  GST, സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും B.D, M.TH, D.TH ബിരുദങ്ങള്‍ നേടി. 1992 ല്‍ വൈദികപട്ടം ഏറ്റ് വിവിധ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചതിന് പുറമേ കോട്ടയം സെമിനാരി അധ്യാപകന്‍, മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്റര്‍, ബൈബിള്‍ സൊസൈറ്റി അംഗം പരിശുദ്ധ ദ്വിദിമോസ് ബാവായുടെ പ്രിന്‍സിപ്പാല്‍ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
2010 മേയ് 12നു കോട്ടയം മാര്‍ ഏലിയ കത്തിഡ്രല്‍ ദേവാലയത്തില്‍ സഖറിയാസ് മാര്‍ അപ്രേം എന്ന പേരില്‍ മെത്രാനായി വാഴിച്ചു. പുതുതായി രൂപീകരിച്ച അടൂര്‍- കടമ്പനാട് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ടു. മാര്‍ അപ്രേം ഒരു നല്ല ഗായകനും, വാഗ്മിയും എഴുത്തുകാരനുമാണ്. സഭയുടെ വിവിധ സേവന രംഗങ്ങളില്‍  ശോഭിക്കുന്ന തിരുമേനി ഇപ്പോള്‍ മലങ്കര സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍ കമ്മിറ്റി അംഗം, ശ്രുതി സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ അപ്രേമിന്റെ പുതിയ നിയമനം അദ്ദേഹത്തിന്റെ സഭാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ഏബ്രഹാം അഭിപ്രായപ്പെട്ടു. മാര്‍ അപ്രേം ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ചയില്‍ ഭദ്രാസന ആസ്ഥാനത്തില്‍ എത്തിച്ചേരുമെന്ന് ഭദ്രാസന പി ആര്‍ ഒ എല്‍ദോ പീറ്റര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here