തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിയുടെ വക്കില്‍. ഇനി വേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു വാക്ക് മാത്രം. അത് ഉടന്‍ തന്നെ ഉണ്ടായേക്കുമെന്ന സൂചന തലസ്ഥാനത്തെ രാഷ്ട്രീയവൃത്തങ്ങളില്‍ സജീവമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ബാര്‍ കോഴ ആരോപണ വിധേയരായ കെ എം മാണിയേയും കെ ബാബുവിനേയും സംരക്ഷിച്ചതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പിണറായിയും ഇടതുമുന്നണി നേതാക്കളും തോമസ് ചാണ്ടിയെ സംരക്ഷിച്ച് സ്വയം കുഴപ്പത്തിലാകേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുന്നുവെന്നാണ് സൂചന.
തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും കേസെടുത്ത് അന്വേഷിക്കണമെന്ന് ത്വരിത പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തുകയും ചെയ്താല്‍ മന്ത്രിയെ മാറ്റിനിര്‍ത്തുക എന്നതായേക്കും തീരുമാനം എന്ന് അറിയുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെ ബന്ധു നിയമന പരാതിയുടെ പേരില്‍ രാജിവയ്പിച്ച പിണറായിക്ക് തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മടിയുണ്ടാകില്ല എന്ന് സിപിഎം, എല്‍ഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഒന്നര വര്‍ഷം തികയുന്നതിനു മുമ്പ് ഈ സര്‍ക്കാരില്‍ നിന്ന് രാജി വയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാകും തോമസ് ചാണ്ടി. എന്നാല്‍ അത് സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുകയല്ല, പ്രതിഛായ വര്‍ധിപ്പിക്കുകയാണ് ചെയ്യുക എന്നാണ് നേതൃത്വം കരുതുന്നത്. പക്ഷേ, ആരോപണങ്ങളുടെ പേരില്‍ മന്ത്രിയെ ഒറ്റയടിക്ക് രാജിവയ്പിച്ച് കൈയടി നേടാന്‍ മുഖ്യമന്ത്രി തയ്യാറല്ല. അതിനാണ് വിജിലന്‍സിന്റെ ത്വരിത പരിശോധനയെ ആശ്രയിക്കുക.
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ നേരിട്ടു മനസിലാക്കാനാണ് ആലപ്പുഴ കളക്ടര്‍ ടി വി അനുപമയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. റവന്യൂമന്ത്രിക്ക് കയ്യേറ്റം സംബന്ധിച്ച് ജില്ലാ കളക്ടര്‍ ടിവി അനുപമ ഐഎഎസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍. മുഖ്യമന്ത്രിക്ക് നല്‍കിയ കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തിന്റെ വിശദാംശങ്ങളുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്നത്.
ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായേക്കും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുക. മാത്തൂര്‍ ദേവസ്വം ഭൂമി കയ്യേറിയെന്ന പരാതിയില്‍ തോമസ് ചാണ്ടിക്കെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം നടത്താനും തീരുമാനമുണ്ട്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദേശ പ്രകാരമാണ് ഈ അന്വേഷണം. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി മന്ത്രി അനധികൃതമായി കൈവശം വെച്ചുവെന്നാണ് പരാതി. അതിലും പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെങ്കില്‍ മന്ത്രിക്ക് തുടരാനാകാതെ വരും.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ആലപ്പുഴ നഗരസഭയിലെ സൂപ്രണ്ട് ഉള്‍പ്പടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നഗരസഭാ കൗണ്‍സില്‍ തീരുമാനത്തോടെ പ്രശ്‌നത്തിന് കൂടുതല്‍ ഗൗരവം വന്നിട്ടുമുണ്ട്. തോമസ് ചാണ്ടിയെ സഹായിക്കാന്‍ ഏതൊക്കെ സര്‍ക്കാര്‍ വകുപ്പുകളിലും ഓഫീസുകളിലും ആരൊക്കെ പ്രവര്‍ത്തിച്ചു എന്ന അന്വേഷണത്തിലേക്കു കൂടി കാര്യങ്ങള്‍ നീങ്ങുമെന്നാണ് വിവരം.
അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തില്‍പ്പെട്ട് എ കെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രിയായത്. എന്‍സിപിക്ക് മുന്നാമതൊരു എംഎല്‍എ ഇല്ലാത്തതിനാല്‍ തല്‍ക്കാലം മുഖ്യമന്ത്രി തന്നെ ഗതാഗത വകുപ്പ് ഏറ്റെടുക്കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here