വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ കിഴക്കന്‍തീരത്തിനടുത്തുകൂടി പറന്ന് യുഎസ് ബോംബര്‍ വിമാനങ്ങള്‍. കിങ് ജോങ് ഉന്നിന്റെ ഭീഷണികള്‍ക്കുള്ള മറുപടിയാണ് ബോംബര്‍വിമാനങ്ങളുടെ പറക്കലെന്ന് പെന്റഗണ്‍ പറഞ്ഞു. ആദ്യമായാണ് കൊറിയന്‍ സൈനികവല്‍ക്കരിക്കപ്പെട്ട മേഖലയ്ക്കടുത്തുകൂടി ഏതെങ്കിലുമൊരു അമേരിക്കന്‍ വിമാനം പറക്കുന്നത്.
കൊറിയന്‍ മേഖലയില്‍ പ്രശ്‌നം രൂക്ഷമാകുമ്പോഴും നേതാക്കന്‍മാര്‍ തമ്മില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ക്കു കുറവില്ല. ആത്മഹത്യാപരമായ ദൗത്യത്തിലാണ് ഡോണള്‍ഡ് ട്രംപ് എന്നായിരുന്നു ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോങ് ഹോ യുഎന്നില്‍ പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനകള്‍ അമേരിക്കയെ ഒഴിച്ചുകൂടാനാകാത്ത ലക്ഷ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മേഖലയില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്‍ സൃഷ്ടിക്കുന്ന അനാവശ്യ ഭീഷണികള്‍ക്കുള്ള മറുപടിയായാണ് ബോംബര്‍വിമാനങ്ങള്‍ പറത്തിയതെന്ന് പെന്റഗണ്‍ പറഞ്ഞു. കിം ജോങ് ഉന്നും ഉത്തരകൊറിയയും അനാവശ്യ പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ യുഎസ്സിനും ഡോണള്‍ഡ് ട്രംപിനും മുന്നിലുള്ള ‘വിശാലമായ’ സൈനിക സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുകയാണ് ഈ നടപടിയിലൂടെയെന്നും പെന്റഗണ്‍ വ്യക്തമാക്കുന്നു.
ശനിയാഴ്ച ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്തിനു സമീപം നേരിയ ഭൂചലനമുണ്ടായതാണ് പുതിയ ആണവ പരീക്ഷണ സാധ്യതയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയത്. ഇത് പുതിയ ആണവ പരീക്ഷണമാണോ എന്നു ചൈന സംശയിക്കുമ്പോള്‍ സ്വാഭാവിക ഭൂചലനമാണെന്നാണു ദക്ഷിണ കൊറിയയുടെ നിഗമനം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നുവരുന്നതിനിടെയാണു ഭൂചലനം എന്നതാണു സംശയം ഉയര്‍ത്തിയത്.
ആണവ പരീക്ഷണ വേളകളില്‍ ഭൂചലനം ഉണ്ടാകാറുണ്ട്. ഈ മാസമാദ്യം ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചപ്പോള്‍ ഭൂചലന മാപിനികളില്‍ 6.1 തീവ്രതയാണു രേഖപ്പെടുത്തിയത്. 3.5 ആണ് ഇന്നലെയുണ്ടായ ഭൂചലനത്തിന്റെ തീവ്രത. ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച സ്ഥലത്തു നിന്ന് 20 കിലോമീറ്റര്‍ മാറിയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ കണ്ടെത്തി. ഉത്തര കൊറിയയുടെ മുന്‍ ആണവ പരീക്ഷണങ്ങളും ഇതേ സ്ഥലത്താണു നടന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here