ഹൈദരാബാദ്: ‘അറബി കല്യാണ’ത്തിനായി എത്തിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ പിടികൂടാന്‍ കടുത്ത നടപടികളുമായി ഹൈദരാബാദ് പൊലീസ്. കഴിഞ്ഞദിവസം വിദേശ പൗരന്‍മാര്‍ ഉള്‍പ്പെടെ 20 പേരെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് നടപടി. അഞ്ച് ഗള്‍ഫ് പൗരന്‍മാരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ഹൈദരാബാദ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ശരാശരി 65 വയസ് പ്രായമുള്ളവരാണ് പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട സംഘത്തെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവര്‍ക്കൊപ്പം പിടിയിലായ മുംബൈയിലെ മുതിര്‍ന്ന ഖാസി ഫാരിദ് അഹമ്മദ് ഖാനുമായി ഇന്ന് പിടിയിലായ അഞ്ചുപേര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 16 വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അറുപതുകാരനായ ഗള്‍ഫ് പൗരന്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയതും സംഘത്തെ പിടികൂടിയതും.
പ്രാദേശിക സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ‘കരാര്‍ വിവാഹം’ ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ഗള്‍ഫ് രാജ്യങ്ങളിലെയും മിഡില്‍ ഈസ്റ്റിലേയും വ്യക്തികള്‍ ഉള്‍പ്പെടെയുള്ള 20 പേരെയാണ് പൊലീസ് പിടികൂടിയത്. എട്ടുപേര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അറബി പ്രമാണിമാരാണെന്ന് പൊലീസ് പറഞ്ഞു. വിവാഹം നടത്താനെത്തിയ മൂന്നു പേര്‍, നാല് ലോഡ്ജ് ഉടമകള്‍, അഞ്ച് ബ്രോക്കര്‍മാര്‍ എന്നിവരെയും പിടികൂടിയിരുന്നു.
രണ്ട് പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം സ്ത്രീകളെ സംഘത്തില്‍ നിന്നും രക്ഷിച്ചു. പെണ്‍കുട്ടികളെയും സ്ത്രീകളെയും നാടുകടത്താനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇത്തരം ‘കരാര്‍ വിവാഹങ്ങള്‍’ ഹൈദരാബാദില്‍ നടക്കാറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രേഖകളില്‍ കൃത്രിമത്വം കാണിച്ചാണ് വിവാഹങ്ങള്‍ നടക്കാറ്. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് ഇത്തരം വിവാഹങ്ങള്‍ക്ക് ഇരയാകുന്നത്. ഇടനിലക്കാര്‍ വഴി പെണ്‍കുട്ടികളെ വിദേശിയര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുകയെന്നും പൊലീസ് പറ!ഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here