ലണ്ടന്‍: ചെലവുകുറഞ്ഞ വിമാനയാത്രയ്ക്കു പേരുകേട്ട ബ്രിട്ടിഷ് വിമാനക്കമ്പനി മൊണാര്‍ക് എയര്‍ലൈന്‍സ് പാപ്പരായതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി. ചാര്‍ട്ടേഡ് സര്‍വീസും മറ്റുമായി മൊണാര്‍ക് വിദേശങ്ങളിലെത്തിച്ച 1.10 ലക്ഷം യാത്രക്കാര്‍ കുടുങ്ങി. ഇവരെ തിരിച്ചു കൊണ്ടുവരുന്നതിന് ബ്രിട്ടിഷ് അധികൃതര്‍ നടപടി ആരംഭിച്ചു. രണ്ടാം ലോക യുദ്ധത്തിനു ശേഷം ബ്രിട്ടന്‍ സ്വദേശത്തേക്കു നടത്തുന്ന ഏറ്റവും വലിയ വ്യോമയാന മടക്കിക്കൊണ്ടുവരലാണ് ഇത്.

നഷ്ടത്തിലായ മൊണാര്‍ക്കിനെ വ്യോമയാന അധികൃതര്‍ ഏറ്റെടുത്തതോടെയാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ വ്യോമയാന സേവന പരാജയമാണിതെന്ന് യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) അറിയിച്ചു. വിദേശത്തു കുടുങ്ങിയ മൊണാര്‍ക് യാത്രക്കാരെ അധിക നിരക്ക് ഈടാക്കാതെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ സിഎഎയ്ക്കു നിര്‍ദേശം നല്‍കി. ടിക്കറ്റുകള്‍ക്കായി മൊണാര്‍ക്കിനു നല്‍കിയ പണം ഏതു വിധേനയും യാത്രക്കാര്‍ക്ക് തിരികെ നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.

”ഒഴിവുകാല സഞ്ചാരത്തിനു പോയ യുകെ പൗരന്മാരെ സംബന്ധിച്ച് അസ്വസ്ഥതയുടെ സമയമാണിത്. അവരെ അതില്‍ നിന്നു മോചിപ്പിച്ച് നാട്ടിലെത്തിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന. അതുകൊണ്ടാണ് എത്രയും പെട്ടെന്നു മടക്കയാത്രയ്ക്കു സൗകര്യം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയത്” – ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രെയ്‌ലിങ് പറഞ്ഞു. ”യുകെയില്‍ നിന്നുള്ള മൊണാര്‍ക് ഉപയോക്താക്കള്‍ വിമാനത്താവളങ്ങളിലേക്കു പോകേണ്ടതില്ല, മൊണാര്‍ക് വിമാന സര്‍വീസുകള്‍ ഇനിയുണ്ടാകില്ല”– ട്വിറ്ററിലൂടെ യാത്രക്കാരെ കമ്പനി അറിയിച്ചത് ഇത്രമാത്രം. രണ്ടായിരത്തോളം വരുന്ന കമ്പനി ജീവനക്കാര്‍ തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്.

മൊണാര്‍ക് എയര്‍ലൈന്‍സ് കുറേ നാളായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇന്ധന വില വര്‍ധന, സേവന മേഖലയിലെ മല്‍സരം, തങ്ങളുടെ പ്രധാന പ്രവര്‍ത്തന മേഖലകളായ സ്‌പെയിനിലും പോര്‍ച്ചുഗലിലും പുതിയ വിമാനക്കമ്പനികള്‍ ആധിപത്യം സ്ഥാപിച്ചത്, മാനേജ്‌മെന്റ് പരാജയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍ എയര്‍ലൈന്റെ പതനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓഹരിയുടമകളായ ഗ്രെയ്‌വുള്‍ ക്യാപ്പിറ്റല്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 16.5 കോടി പൗണ്ട് അധിക നിക്ഷേപം നടത്തിയാണ് മൊണാര്‍ക് സര്‍വീസ് നിലനിര്‍ത്തിയത്. പക്ഷേ, കമ്പനിക്ക് കരകയറാന്‍ കഴിഞ്ഞില്ല. സെപ്റ്റംബറില്‍ അവസാനിച്ച പ്രവര്‍ത്തന ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് സിഎഎ തീരുമാനിക്കുകയായിരുന്നു.

ദക്ഷിണ ഇംഗ്ലണ്ടിലെ ലുറ്റന്‍ വിമാനത്താവളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൊണാര്‍ക് എയര്‍ലൈന്‍സ് അടുത്ത വര്‍ഷം 30 പുതിയ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ വാങ്ങാനിരിക്കെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here