ന്യൂഡല്‍ഹി: മോദി എന്തൊക്കെ പറഞ്ഞാലും രാജ്യത്തു സാമ്പത്തിക മാന്ദ്യമുണ്ടെന്നും ഫലപ്രദമായ ഇടപെടലുകള്‍ സാധ്യമാണെന്നും പ്രധാനമന്ത്രിയുടെതന്നെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെ (ഇഎസി) ആദ്യയോഗം. ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശകളാവും പ്രധാനമന്ത്രിക്ക് ആദ്യം നല്‍കുകയെന്ന് ഇഎസി അധ്യക്ഷന്‍ ബിബെക് ദെബ്രോയ് പറയുകയും ചെയ്തു.പത്തു മേഖലകള്‍ക്കായി ശുപാര്‍ശകള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ വ്യക്തമാക്കാന്‍ ദെബ്രോയ് തയാറായില്ല. എന്നാല്‍, ഇഎസി ശുപാര്‍ശകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന പത്തു മേഖലകള്‍ അദ്ദേഹം വെളിപ്പെടുത്തി: സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അനൗപചാരിക മേഖല, ധനകാര്യ ചട്ടക്കൂട്, നാണ്യനയം, പൊതു ചെലവ്, സാമ്പത്തിക ഭരണ സ്ഥാപനങ്ങള്‍, കൃഷിയും മൃഗസംരക്ഷണവും, ഉപഭോഗ രീതികളും ഉല്‍പാദനവും സാമൂഹിക മേഖലയും.
ഓരോ മേഖലയെയും കുറിച്ചു സമിതിയിലുള്ളവര്‍ ചര്‍ച്ചാരേഖകള്‍ തയാറാക്കും. പ്രധാന സാമ്പത്തിക വളര്‍ച്ചാ മാനദണ്ഡങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാക്കും. തൊഴിലിനെയും തൊഴിലില്ലായ്മയെയും കുറിച്ചു പുതിയതും കൃത്യവുമായ കണക്കുകള്‍ ലഭ്യമല്ല. ആശ്രയിക്കാനാവുന്നതു വീടുകള്‍തോറും കയറി നടത്തുന്ന സാംപിള്‍ സര്‍വേയാണ്. അതിന്റെ 2011–12 ലെ കണക്കുകളാണ് ഇപ്പോഴുള്ളത്. പുതിയ കണക്കുകള്‍ അടുത്ത വര്‍ഷമേ ലഭിക്കുകയുള്ളു – നിതി ആയോഗ് ഉപാധ്യക്ഷന്‍കൂടിയായ ദെബ്രോയ് പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചയില്‍ മാന്ദ്യമുണ്ടാകുന്നതിനു പല കാരണങ്ങളുമുണ്ടെന്നാണ് ഇഎസിയുടെ വിലയിരുത്തല്‍. സാമ്പത്തിക വളര്‍ച്ച ഊര്‍ജിതപ്പെടുത്തുന്നതിനായി നടപ്പാക്കാവുന്ന പരിഹാര നടപടികളാവും ഇഎസി നിര്‍ദേശിക്കുക. റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തും. പ്രധാനമന്ത്രിക്കു ശുപാര്‍ശകള്‍ നല്‍കുന്നതല്ലാതെ, നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നു ധനമന്ത്രാലയത്തിനുമേല്‍ തങ്ങള്‍ സമ്മര്‍ദം ചെലുത്തില്ലെന്നു ദെബ്രോയ് പറഞ്ഞു.
ആദ്യയോഗത്തില്‍ ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചു വിശദീകരിച്ചു. ദെബ്രോയ്ക്കു പുറമേ നിതി ആയോഗ് മുഖ്യ ഉപദേഷ്ടാവ് നിതിന്‍ വതല്‍, സാമ്പത്തിക വിദഗ്ധരായ സുര്‍ജിത് ഭല്ല, രതിന്‍ റോയ്, അഷിമ ഗോയല്‍ എന്നിവരും ഉള്‍പ്പെട്ടതാണ് ഇഎസി. നവംബറിലാണ് അടുത്ത യോഗം.

 

LEAVE A REPLY

Please enter your comment!
Please enter your name here