മയാമി : അമേരിക്കയിലെ ബഗിരാകാശ മേഖലയെയും നിർണ്ണായകമായ ശാസ്ത്ര കേന്ദ്രങ്ങളെയും അടുത്തറിയാൻ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന ബൃഹത്തായ പദ്ധതി ”സ്പേസ് സല്യൂട്ട് ടീമിന് ” ഫ്ളോറിഡയിൽ ഹൃദ്യമായ വരവേല്പ് നൽകി. 

ഭാരതത്തിലെ പ്രമുഖ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ഏറ്റെടുത്ത ഒരു നൂതനമായ പദ്ധതിയിൽ അംഗങ്ങളായ ടീമിന് ആവേശോജ്വലമായ സ്വീകരണമാണ് മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ചീഫ് ഡോ. കൃഷ്ണ കിഷോറിന്റെ നേതൃത്വത്തിൽ നൽകിയത്. ഏഷ്യാനെറ്റ് അസിസ്റ്റന്റ് എക്സ്യുക്യൂട്ടീവ് എഡിറ്റർ എസ് ബിജു, ചീഫ് കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ അടൂർ, ചാനൽ ക്യാമറാന്മാരായ അഭിലാഷ്, ഷിജോ പൗലോസ്, ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്തമേരിക്കയുടെ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര, പ്രസ് ക്ലബ് ഫ്ളോറിഡ ചാപ്റ്റർ പ്രസിഡന്റ് സുനിൽ തൈമറ്റം, ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ ജോർജി വർഗീസ്, ബിലിവേഴ്സ് മെഡിക്കൽ കോളേജ് ചെയർമാൻ റവ.സിജോ പന്തപ്പള്ളിൽ, കാലടി ആദ്യശങ്കര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളായ കൃഷ്ണസ്വാമി, ആനന്ദ്, സി.പി. ജയശങ്കർ തുടങ്ങിയവർ സ്വീകര ചടങ്ങിൽ സന്നിഹിതരായിരുന്നു.

അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലെ ഈ സ്വീകരണ സമ്മേളനത്തിൽ പൂക്കുലകളും കതിരും സമ്മാനിച്ചു കൊണ്ട് കേരളത്തിനമയോടുകൂടിയാണ് സംഘത്തെ വരവേറ്റത്. കേരളത്തിൽ നിന്ന് ഐ.എസ്.ആർ.ഒ മേധാവികൾ തിരഞ്ഞെടുത്ത വിവിധ ജില്ലകളിൽ നിന്നുമുള്ള ഏറ്റവും മിടുക്കരായ അഞ്ച് യുവ ശാസ്ത്രജ്ഞഞന്മാരും അവരുടെ അദ്ധ്യാപകരുമാണ് ടീമിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് ടീം കെന്നഡി സ്പേസ് സെന്റർ സന്ദർശിച്ചു. സ്പേസ് ഷട്ടിൽ അറ്റ്ലാന്റിസ് ഉൾപ്പെടെ മറ്റ് ബഹിരാകാശ രംഗത്തെ പ്രധാന മാറ്റങ്ങളെക്കുറിച്ച്  ടീം അംഗങ്ങൾ വിദഗ്ദരുമായി ചർച്ച നടത്തി.  ഒർലാന്റോയിൽ എത്തിച്ചേർന്ന സംഘത്തെ ഒർലാന്റോ റീജിണൽ മലയാളി അസോസിയേഷൻ ഭാരവാഹികൾ പ്രസിഡന്റ് സോണി തോമസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. 

അമേരിക്കയിലെ അഞ്ച് നഗരങ്ങളിലെ പ്രധാനപ്പെട്ട ശാസ്ത്ര കേന്ദ്രങ്ങളും സംഘം സന്ദർശിക്കും. ചിക്കാഗോ, നയാഗ്ര വെള്ളച്ചാട്ടം, വാഷിംഗ്ടൺ ഡി.സിയിലുള്ള നാഷണൽ എയർ ആന്റ് സ്പേസ് മ്യൂസിയം, ന്യൂജേഴ്സി എഡിസൺ മ്യൂസിയം, ഫിലദൽഫിയ, ന്യൂയോർക്ക് തുടങ്ങിയ പട്ടണങ്ങളിലെ പ്രധാന കാഴ്ചകളും സന്ദർശിക്കും. 

 

LEAVE A REPLY

Please enter your comment!
Please enter your name here