ദോഹ. രാജ്യങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും എന്നല്ല കുടുംബങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും സമാധാനപരമായ സഹവര്‍ത്തിത്വവും സഹകരണവും നിലനിക്കുമ്പോഴേ അവിരതമായ പുരോഗതി സാക്ഷാല്‍ക്കരിക്കാനാവുകയുള്ളൂവെന്നും ഓരോരുത്തരും സമാധാനത്തിന്റെ കാവലാളാവണമെന്നാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും മീഡിയ പഌസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകത്ത് നടക്കുന്ന യുദ്ധങ്ങളും കലഹങ്ങളും പുരോഗതിയില്‍ നിന്നും മനുഷ്യകുലത്തെ പിറകോട്ട് വലിക്കുക മാത്രമല്ല നാം നേടിയെടുക്കുന്ന പലതും നഷ്ടപ്പെടുത്തുകയും ചെയ്യും. മാനവ രാശിക്ക് കനത്ത നാശനഷ്ടങ്ങളുണ്ടാക്കുന്ന ചെറുതും വലുതുമായ എല്ലാ കുഴപ്പങ്ങളും കലാപങ്ങളും അവസാനിപ്പിച്ച് ക്രിയാത്മകമായ പാതയില്‍ മുന്നോട്ട് സഞ്ചരിക്കുവാനുള്ള വഴിയൊരുക്കുക എന്നത് ഏറെ പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് ഐക്യ രാഷ്ട്ര സംഘടന ദിനം പ്രസക്തമാകുന്നത്, അദ്ദേഹം പറഞ്ഞു. 

ഒന്നാം ലോക മഹായുദ്ധാനന്തരം രൂപീകരിക്കപ്പെട്ട ലീഗ് ഓഫ് നാഷണ്‍സും രണ്ടാം ലോക മഹായുദ്ധത്തിന്റെ സമാപനത്തോടെ പിറവിയെടുത്ത ഐക്യരാഷ്ട്ര സംഘടനയും ആത്യന്തികമായി മാനവരാശി സമാധനമാണ് ആഗ്രഹിക്കുന്നത് എന്ന ചിന്തയുടെ പ്രതിഫലനമാണ്. ആരോഗ്യകരമായ സംവാദങ്ങളാണ് ലോകത്ത് വളര്‍ന്ന് വരേണ്ടത്. 

മനുഷ്യന്‍ അടിസ്ഥാനപരമായി സമാധാനമാണ് ആഗ്രഹിക്കുന്നത്. സമാധാനാന്തരീക്ഷത്തില്‍ മാത്രമേ ക്രിയാത്മകമായ ആശയങ്ങളും രചനാത്മകമായ ഭാവനകളും ജീവിതത്തെ ധന്യമാക്കുകയുള്ളൂ. എന്നാല്‍ സ്വാര്‍ഥതയും സാമ്രാജ്യത്വ മോഹവും മനുഷ്യ സമൂഹത്തില്‍ അസൂയയുടേയും വൈരത്തിന്റേയും വിഷവിത്തുകള്‍ പാകുമ്പോഴാണ് സംഘട്ടനങ്ങളുണ്ടാകുന്നത്. ആശയപരവും ആദര്‍ശ പരവുമായ സംവാദങ്ങളും സമാധാന പൂര്‍ണമായ പങ്കുവെക്കലുകളുമാണ് സമകാലിക സമൂഹത്തിന്റെ പുരോഗതിക്കാവശ്യം. വ്യക്തി തലത്തിലും കുടുംബതലത്തിലും രാജ്യ തലത്തിലും രാജ്യാന്തര തലത്തിലുമെല്ലാം സമാധാനപരമായ കൊടുക്കലും വാങ്ങളും വളരുമ്പോള്‍ ലോകത്തിന്റെ വളര്‍ച്ചാവേഗം കൂടും. ലോകത്തിന്റെ ശ്രദ്ധയും ചിന്തയും പുരോഗതിയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചുമാകുന്ന മനോഹാരമായ സാമൂഹ്യ പരിസരമാണ് ഇതുവഴി സംജാതമാവുക. 

സ്വന്തത്തേയും സഹജീവികളേയും പ്രകൃതിയേയുമൊക്കെ ശരിയായി മനസിലാക്കുകയാണ് വിദ്യാഭ്യാസം ലക്ഷ്യം വെക്കേണ്ടത്. മനുഷ്യനെ സംസ്‌കൃതനും നല്ലവനുമാക്കാന്‍ അറിവിന് കഴിയണം. തിരിച്ചറിവ് നല്‍കാത്ത അറിവ് അജ്ഞതപോലെ അര്‍ഥ ശൂന്യമാണ്. അതവനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കെത്തിക്കുകയില്ല. മനുഷ്യനെ മൂല്യവല്‍ക്കരിക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ നടക്കേണ്ടത്. മനുഷ്യ മനസിന് സത്യലോകത്ത് സ്വാതന്ത്ര്യവും ഭാവനയുടേയും കലാവാസനകളുടേയും ലോകത്ത് സഹാനുഭൂതിയും സ്‌നേഹവും വളര്‍ത്തുന്ന രീതിയില്‍ വിദ്യാഭ്യാസ ക്രമം മാറുമ്പോഴാണ് സമൂഹത്തില്‍ ആശാവഹമായ മാറ്റങ്ങളുണ്ടാകുന്നത്. 

സാമ്രാജ്യത്വ ശക്തികളും യുദ്ധക്കൊതിയരും ആയുധകച്ചവടത്തിലൂടെ മനുഷ്യരാശിയുടെ പുരോഗതിക്ക് ഇടങ്കോലിടുന്നത് തിരിച്ചറിയുവാന്‍ സമാധാനമാഗ്രഹിക്കുന്നവര്‍ക്ക് കഴിയണം. ലോക രാഷ്ട്രങ്ങളെ തമ്മിലകറ്റാനും തമ്മിലടിക്കാനുമുള്ള തല്‍പര കക്ഷികളുടെ കുതന്ത്രങ്ങളെ വിവേകപൂര്‍വം പ്രതിരോധിക്കുകയും സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ നിര്‍ഭയത്തോടെ പറന്നുയരുന്ന അരുണോദയം സ്വപ്‌നം കാണുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ലോകം മാറുമെങ്കില്‍ ശാസ്ത്ര പുരോഗതിയുടെ ഗുണഫലങ്ങളാസ്വദിച്ച് പുരോഗതിയും സമാധാനവും അനുഭവിക്കുവാനാകും. 

ആരും ലോക പോലീസ് ചമയാതെ തന്ന പരസ്പരം അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കുവാനും ഒത്തൊരുമയോടെ മുന്നോട്ടുപോകുവാനും സഹായകമായ സാഹചര്യങ്ങളാണ് ലോകത്ത് വളര്‍ന്നുവരേണ്ടത്. ഐക്യ രാഷ്ട്ര സംഘടനയുടെ 72 ാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ഈ മഹത്തായ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് പ്രതിജ്ഞാബദ്ധരായി എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

പരിസ്ഥി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, സംഘര്‍ഷങ്ങള്‍, ന്യൂകഌയര്‍ മാലിന്യങ്ങള്‍, കാര്‍ബിണ്‍ വികിരണം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് മനുഷ്യന്റെ സമാധാനപരമായ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നതെന്നും ലോകര്‍ക്കാകമാനം സമാധാനമെന്ന മഹത്തായ ആശയമാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുഖമുദ്രയെന്നും പരിപാടിയില്‍ സംസാരിച്ച ബന്ന ചേന്ദമംഗല്ലൂര്‍ പറഞ്ഞു. മനുഷ്യരോടും മരങ്ങളോടും പ്രകൃതിയോടുമൊക്കെ ഐക്യപ്പെടുന്ന നല്ല നാളെയാണ് ലോകത്തിനാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ജൗഹറലി തങ്കയത്തില്‍, പി.കെ. റബീഹ് ഹുസൈന്‍ തങ്ങള്‍ സംസാരിച്ചു. മുഹമ്മദ് റഫീഖ്, അഫ്‌സല്‍ കിളയില്‍, ജോജിന്‍ മാത്യു, ശരണ്‍ എസ് സുകു, ഹിഷാം പി, സഅദ് അമാനുല്ല, കാജാ ഹുസ്സന്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
സന്ദേശ പ്രധാനമായ പ്ലക്കാര്‍ഡുകളുമായി മഅ്മൂറ പാര്‍ക്കിലാണ് സവിശേഷമായ രീതിയില്‍ ഐക്യരാഷ്ട്ര സംഘടനാ ദിനമാചരിച്ചത്. 

 മീഡിയ പ്‌ളസ് സംഘടിപ്പിച്ച ഐക്യ രാഷ്ട്ര സംഘടന ദിനാചരണ പരിപാടിയില്‍ സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര സംസാരിക്കുന്നു. 

 ടീം മീഡിയ പ്‌ളസ് യു.എന്‍ ഡേ പ്ലക്കാര്‍ഡുകളുമായി.

LEAVE A REPLY

Please enter your comment!
Please enter your name here