ന്യൂഡല്‍ഹി: പൂന്തുറയിലെ ജനങ്ങളുടെ പ്രതിഷേധത്തിനിടെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും സംസ്ഥാന മന്ത്രിമാരും ഓഖി ദുരന്തബാധിത മേഖലയില്‍. ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അവര്‍ക്ക് ഉറപ്പുനല്‍കി. മുന്നറിയിപ്പ് വൈകിയതിനെക്കുറിച്ച് വിവാദം വേണ്ട. സാങ്കേതികവിദ്യ പൂര്‍ണമായും പുരോഗമിച്ചിട്ടില്ല.

കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അവര്‍ ആശ്യപ്പെട്ടു. മല്‍സ്യ തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയ്ക്കും കടകംപള്ളിക്കുമെതിരെ പൂന്തുറയില്‍ പ്രതിഷേധം ഉയര്‍ന്നു. മന്ത്രിമാര്‍ പള്ളി അങ്കണത്തിലേക്ക് പ്രവേശിക്കേണ്ട എന്നായിരുന്നു ആവശ്യം. മന്ത്രിമാര്‍ മടങ്ങിപ്പോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികോധ മന്ത്രി ഇടപെട്ട് പ്രതി·ഷേധം ഒരു പരിധിവരെ ശമിപ്പിച്ചു.

രണ്ടു ബോട്ടുകളിലുള്ള 20 പേരെ നാവികസേന രക്ഷിച്ചു. 11 പേര്‍ തിരുവനന്തപുരംകാരാണ്. ഉച്ചയോടെ ഇവരെ കൊച്ചിയില്‍ എത്തിക്കും. ഒമ്പത് തൊഴിലാളികളുള്ള ഐലന്‍ഡ് ക്വീന്‍ ബോട്ട് കവരത്തിയിലാണ്. കൊച്ചിയില്‍ നിന്ന് രണ്ടാഴ്ച മുന്‍പ് പോയ ബോട്ടാണിത്. ഒന്‍പത് തൊഴിലാളികളും സുരക്ഷിതരെന്ന് നാവികസേന അറിയിച്ചു. ഇതിനിടെ തീവ്രതകുറയാതെ ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുകയാണ്. ഓഖിയുടെ സാന്നിധ്യമുള്ളതിനാല്‍ കേരളതീരത്ത് ഇന്നും ജാഗ്രത നിര്‍ദേശം ഉണ്ട്.

സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്ന പ്രതിരോധമന്ത്രി രക്ഷാപ്രവര്‍ത്തന നടപടിക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്‌തേക്കും. അതിനിടെ, നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നു. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, കേരളതീരത്ത് ഇന്നും കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം. സംസ്ഥാനത്ത് മരണസംഖ്യ 29ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 14 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനിയും 85 പേരെ രക്ഷപെടുത്താനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലക്ഷദ്വീപ് വിട്ട ഓഖി ചുഴലിക്കാറ്റ് മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ കൂടുതല്‍ ശക്തി പ്രാപിച്ചു. കേരളത്തിനും ലക്ഷദ്വീപിനും പുറമെ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മല്‍സ്യത്തൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകുന്നരുതെന്നും നിര്‍ദേശമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here