“വഴി പിരിയുന്നവർ” (കവിത)

അകലേയ്ക്കൊഴുകുന്ന പുഴ പോലെ മെല്ലെ
കരളിനെ തഴുകി നീ അകന്ന് പോകെ
ഉള്ളിലായ് ഊറിയ കഥനത്തിൻ നീരൊരു
കണ്ണുനീർ തുള്ളിയായ് കാഴ്ച്ചയെ മൂടുന്നു

ഓർമ്മതൻ ചിപ്പിയിൽ ഓമനിച്ചെത്ര നാൾ
ഓരോ നനുത്തതാം ഇരവുകൾ പകലുകൾ
എങ്ങു നാം നഷ്ടപ്പെടുത്തി ആ ഒർമ്മകൾ
ഏതു വളവിൽ നാം കൈവിട്ടു പരസ്പരം

കണ്ണിലായ് നോക്കി നാം കണ്ടതാം കനവുകൾ
കാറ്റിന്റെ തേരേറി എങ്ങോ മറഞ്ഞു പോയ്
പാതിവഴിയിലായ് ഉപേക്ഷിച്ചിവോ നമ്മൾ
പുലരിയിൽ കണ്ടൊരാ സുന്ദര സ്വപ്നങ്ങൾ

പുലർകാല മഞ്ഞുപോൽ നേർമ്മയാം നിൻ മേനി
പുൽകി പുണർന്നു നാം കഴിഞ്ഞെത്ര രാവുകൾ.
ഇനിയതെന്നുമൊരു ഓർമ്മയായ് സൂക്ഷിക്കാം
വിടപറഞ്ഞിന്നു നീ അകന്ന് പോയീടവേ

എന്തിനെന്നറിയില്ലെൻ ഉള്ളിന്റെ ഉള്ളിലായ്
അലകടലിരമ്പുന്നു കളിയോടമുലയുന്നു
ദിശതെറ്റി ഉഴറുന്ന തോണിപോലെൻ മനം
മറുകര തേടുന്നു, പിടയുന്നു നെഞ്ചകം

നേർന്നിടാം നന്മകൾ നമുക്കിനി തമ്മിലായ്
വഴി പിരിയുന്നു നാം, എങ്കിലും സ്നേഹമായ്
ഓർക്കുവാൻ ഓർമ്മകൾ ഏറെ ഉണ്ടെന്നാലും
ഒഴുകിടാം ഉള്ളിലായ് വേരുകൾ നനച്ചു നാം ….

റോബിൻ കൈതപ്പറമ്പ് ……

LEAVE A REPLY

Please enter your comment!
Please enter your name here