മനാമ: മതനിരപേക്ഷത കോണ്‍ഗ്രസിന്റെ ജീവവായുവാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബഹ്‌റൈനില്‍ പ്രസ്താവിച്ചു.
ബഹ്‌റൈനിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത് .മതനിരപേക്ഷത കാത്തുസൂക്ഷിക്കാനായി യജ്ഞിക്കേണ്ട സമയമാണിത്. ഇക്കാര്യത്തില്‍ ബിഹാര്‍ മാതൃകയായിരുന്നു. എങ്കിലും അവിടെയും മതനിരപേക്ഷ, ജനാധിപത്യ വോട്ടുകള്‍ ഭിന്നിച്ചതുമൂലം നിരവധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നേരിയ വോട്ടിന് തോറ്റു. ആര്‍ക്കെതിരെയാണ് നിലകൊള്ളേണ്ടത് എന്നത് പ്രധാനമാണ്. രാഹുലിന്റെ നേതൃത്വത്തില്‍ മതനിരപേക്ഷ, ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് ശക്തമായ മുന്നേറ്റമുണ്ടാക്കും. അതിന്റെ തുടക്കമാണ് ഗുജറാത്തില്‍ കണ്ടത്.

കോണ്‍ഗ്രസ് ഒരു കാലത്തും വര്‍ഗീയത പ്രോത്സാഹിപ്പിച്ചിട്ടില്ല. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാടെടുത്തു എന്ന വാദമൊന്നും നിലനില്‍ക്കില്ല. മതനിരപേക്ഷതയുടെ ശബ്ദം പാര്‍ലമെന്റില്‍ ഉയരാന്‍ വേണ്ടി, പശ്ചിമ ബംഗാളിലുള്ള ഒരേയൊരു രാജ്യസഭ സീറ്റ് സി.പി.എം നേതാവ് സീതാറാം യെച്ചൂരിക്ക് നല്‍കാം എന്ന് തീരുമാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

എന്നാല്‍ സി.പി.എം ആ സമീപനമല്ല സ്വീകരിച്ചത്. അവരുടെ ബംഗാള്‍ ഘടകം അതിനെ അനുകൂലിച്ചപ്പോള്‍ കേരള ഘടകം പുറംതിരിഞ്ഞു നിന്നു. ചരിത്രപരമായി പല ഘട്ടങ്ങളിലും ബി.ജെ.പിയെയും അതിന്റെ മുന്‍ രൂപമായ ജനസംഘത്തേയും സി.പി.എം പിന്തുണച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന് അത്തരമൊരു ചരിത്രമില്ല. എങ്കിലും ദേശീയ തലത്തില്‍ സി.പി.എമ്മിന്റെ നിലപാടില്‍ മാറ്റമുണ്ടായാല്‍ കോണ്‍ഗ്രസ് അനുകൂല സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തില്‍ ഭരണം എല്ലാ രംഗത്തും പരാജയപ്പെട്ട അവസ്ഥയിലാണ്. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. അതിഗുരുതരമായ സ്ഥിതിയിലേക്കാണ് സര്‍ക്കാര്‍ സംസ്ഥാനത്തെ എത്തിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. യു ഡി എഫ് ഭരണകാലത്ത് ട്രാന്‍സ്‌പോര്‍ട് ജീവനക്കാരുടെ ശമ്പളം ഏതാനും ദിവസങ്ങള്‍ മുടങ്ങിയാല്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നവരാണ് ഇടതുപക്ഷം. ഇപ്പോള്‍ അവിടെ അഞ്ചുമാസത്തെ ശമ്പളകുടിശ്ശികയാണുള്ളത്.

ബി ജെ പിയോടുള്ള നിലപാടിന്റെ പേരിലാണു വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജിവെച്ചത്. അദ്ദേഹം യു.ഡി.എഫ് എം.പിയാണെങ്കിലും ഇക്കാര്യത്തില്‍ നയനിലപാടിന്റെ പ്രശ്‌നമുള്ളതിനാല്‍ കുറ്റപ്പെടുത്താനാകില്ല. വീരേന്ദ്രകുമാര്‍ യു.ഡി.എഫില്‍ തുടരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അഴിമതിയും അഴിമതി ആരോപണവും രണ്ടാണെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ടി ജി സ്‌പെക്ട്രം വിധിയുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള മറുപടിയായി പറഞ്ഞു. അഴിമതി നടത്തിയാല്‍ ജനങ്ങളുടെ വിശ്വാസ്യത നഷ്ടമാകും. അഴിമതി ഒരു സാഹചര്യത്തിലും പൊറുപ്പിക്കാനാകില്ല.

എന്നാല്‍, യാതൊരു അടിസ്ഥാനവുമില്ല എന്ന് വ്യക്തമായിട്ടും അഴിമതി ആരോപണം നടത്തുന്ന രീതി അവസാനിപ്പിക്കണം. ഇത് ഒരു കക്ഷിയും ആര്‍ക്കെതിരെയും ചെയ്യാന്‍ പാടില്ല. ബോഫോഴ്‌സ് അഴിമതി ആരോപണം ഇത്തരത്തില്‍ ഒരു ഉദാഹരണമാണ്. ഈ ആരോപണം ഉന്നയിച്ച എല്ലാ കക്ഷികളും പിന്നീട് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. രാജീവ് ഗാന്ധിയെ കുറ്റവാളിയെന്നു മുദ്രകുത്തി അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിച്ചു ശത്രുക്കള്‍ക്കുമുമ്പിലേക്ക് എറിഞ്ഞു കൊടുത്തു. ഇതാണ് പല ആരോപണങ്ങളുടെയും ദുരവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ മാറ്റത്തിന്റെ സൂചനയാണ്. ജനാധിപത്യ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിച്ചതുമൂലമാണ് ബി.ജെ.പി കഷ്ടിച്ച് രക്ഷപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ നേതൃപാടവം വ്യക്തമായ തെരഞ്ഞെടുപ്പ് കൂടിയാണ് ഗുജറാത്തിലേത്. സംസ്ഥാന, കന്ദ്ര ഭരണത്തിന്റെ സര്‍വ അധികാരങ്ങളും സൗകര്യങ്ങളും പണക്കൊഴുപ്പുമുണ്ടായിട്ടും കോണ്‍ഗ്രസ് ബി.ജെ.പിയോട് നേര്‍ക്കുനേര്‍ പൊരുതുകയും മികച്ച മുന്നേറ്റം നടത്തുകയും ചെയ്തു. എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുലിന്റെ വരവ് ഇന്ത്യയിലെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയും ആവേശവുമാണ. ഈ സ്ഥാനത്തേക്ക് വന്ന ശേഷം അദ്ദേഹം ആദ്യമായി എത്തിയത് കേരളത്തിലാണ് എന്നതും ശ്രദ്ധേയമാണ്. രാഹുലിന്റെ സ്ഥാനാരോണത്തെ തുടര്‍ന്ന് രാജ്യമെമ്പാടും ആവേശം ഉയര്‍ന്നു.

ബഹ്‌റൈനിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സംഘടനായ ബഹ്‌റൈന്‍ ഒ.ഐ.സി.സി നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here