ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി തുടരുന്നതിനിടെ ഇടഞ്ഞുനില്‍ക്കുന്ന ജഡ്ജിമാര്‍ ഇന്ന് സിറ്റിങ് പുനരാരംഭിക്കും. മൂന്ന് ജഡ്ജിമാര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ ഫലം കണ്ടാല്‍ ഇന്ന് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഒത്തുതീര്‍പ്പിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്നലെ സന്നദ്ധത അറിയിച്ചിരുന്നു.

വെള്ളിയാഴ്ച തുടങ്ങിയ പ്രതിസന്ധിക്ക് ഇന്ന് അവസാനം ഉണ്ടാകണമെന്ന് ജുഡിഷ്യറിക്കുള്ളില്‍ തന്നെ പൊതുവികാരമുണ്ട്. ചീഫ് ജസ്റ്റിസും ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നാല് ജഡ്ജിമാരും അടങ്ങിയ കൊളീജിയം ചേര്‍ന്ന് തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കണം എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെയും നാഗേശ്വരറാവുവും എ.കെ.സിക്രിയും മധ്യസ്ഥശ്രമങ്ങള്‍ തുടരുകയാണ്.

കേസുകള്‍ ബെഞ്ചുകള്‍ക്ക് അനുവദിക്കുന്നത് അടക്കം പരാതികളില്‍ ചര്‍ച്ചയാകാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാട്. കോടതി സിറ്റിങ് നിര്‍ത്തിവച്ചു പ്രതിഷേധിക്കില്ലെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ പ്രതിനിധികളോട് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകില്ല. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി ചര്‍ച്ച ചെയ്തു ഭാവിപരിപാടികള്‍ തീരുമാനിക്കും.

ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസ് തയാറായാല്‍ ഇന്നുതന്നെ താല്‍ക്കാലിക പരിഹാരം ഉണ്ടാകും. ലോയ കേസ് പരിഗണിക്കുന്ന ബെഞ്ച് ഇന്ന് സിറ്റിങ് നടത്താത്തു മഞ്ഞുരുക്കലിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ഇന്നലെ ജഡ്ജിമാരെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പരിഹാരമുണ്ടാക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷനും ചീഫ് ജസ്റ്റിസിനെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here