റോജൻ

കുറെയേറെ കറുത്തകുടകള്‍
മഴയത്ത് വിറങ്ങലിച്ച്
നില്‍പ്പുണ്ടായിരിക്കും.
മേഘങ്ങള്‍ അടക്കിപിടിച്ച്
സംസാരിക്കും.

ബോധംക്കെട്ടു വീണ
ഒരു നിലവിളിയെ
ഡോക്ടര്‍ ഇഞ്ചക്ക്റ്റ് ചെയ്ത്
മയക്കുന്നത് കണ്ട്
മഴ ആര്‍ത്തലക്കും.
പൂച്ചകള്‍ കാറ്റിനോട് കരഞ്ഞ്
തൊടിയില്‍
പമ്മി പമ്മി നില്‍ക്കും.

ഇരുട്ട് പരന്നിട്ടും തൊഴുത്തില്‍
കരയാതെ നില്‍ക്കുന്ന പൈക്കളെ
കണ്ട് രാപാടികള്‍ വിതുമ്പും.
അന്നും പകലിനെ രാത്രി
വന്ന് കൈപിടിക്കും.

പിറ്റേന്ന് പുലര്‍ച്ചെ
ബോധംതെളിഞ്ഞ നിലവിളി
പൂച്ചകള്‍ക്ക് ഉണക്കമീന്‍
വറക്കും.
പൈക്കള്‍ക്ക് കാടിവെള്ളം കലക്കും.
” നീ ഇതുവരെ എഴുന്നേറ്റില്ലേ..? ” എന്ന്
അറിയാതെ വിളിച്ചു ചോദിക്കും.

അത് സഹിക്കാനാകാത്ത പൈക്കിടാവ്
അവരോടു ചേര്‍ന്ന് മുട്ടിയുരുമ്മും.
അവരാ പൈക്കിടാവിന്‍റെ മുഖത്തെക്ക്
സ്തംഭിച്ചു നോക്കി നില്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here