ന്യൂഡല്‍ഹി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ കേസ് പാര്‍ട്ടിക്ക് തീരാകളങ്കമെന്ന് സിപിഐഎം ബംഗാള്‍ ഘടകം. വിഷയത്തില്‍ പിബി പ്രസ്താവന ഇറക്കണമെന്നും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. കേസില്‍ യെച്ചൂരിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ബംഗാള്‍ ഘടകത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് കോടയേരിയുടെ മക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായത്. മുതിര്‍ന്ന അംഗങ്ങളായ മാനവ് മുഖര്‍ജിയും മൊയ്‌നുല്‍ ഹസ്സന്‍ എന്നിവരുമാണ് വിഷയം ഉന്നയിച്ചത്.

ബിനോയ് കോടിയെരിക്കെതിരെ 13 കോടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം പാര്‍ട്ടിക്ക് സംസ്ഥാന തലത്തില്‍ മാത്രമല്ല ദേശീയ തലത്തിലും കളങ്കം സൃഷ്ടിച്ചിരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ തന്നെ ഇത്തരം ആരോപണത്തില്‍ ഉള്‍പ്പെട്ടത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടിയാണ്. ഇക്കാര്യത്തില്‍ അതു കൊണ്ട് തന്നെ പിബി പ്രസ്താവന ഇറക്കണമെന്നും പാര്‍ട്ടിയുടെ നിലപാട് അറിയിക്കണമെന്നും ബംഗാളിലെ മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാനകമ്മറ്റി യോഗത്തില്‍ ഉന്നയിച്ചു.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വെച്ച് ബിനോയ് കോടിയേരി വിഷയത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ള പങ്ക് പരാമര്‍ശിച്ചത് ശരിയായില്ലെന്നും ബംഗാള്‍ ഘടക യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ‘തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് അവഹേളനമായി. പ്രത്യേകിച്ച് ജനറല്‍ സെക്രട്ടറിയെ കുറ്റാരോപിതനായി സമ്മേളനത്തില്‍ ചര്‍ച്ച ഉയര്‍ന്നു വന്നു’. ഇത് പാടില്ലായിരുന്നുവെന്നും ഇത് ഒഴിവാക്കാമായിരുന്നുവെന്നും അംഗങ്ങള്‍ ഉന്നയിച്ചു. യെച്ചൂരിയെ പ്രതിക്കൂട്ടിലാക്കിയത് അപലപനീയമാണെന്നും ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ യോഗത്തെ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here