ജിദ്ദ: സൗദിയിലെ ടെലികോം, ഐ.ടി കമ്പനികളില്‍ സ്വദേശി ജീവനക്കാരുടെ സാനിധ്യം പരമാവധി വര്‍ധിപ്പിക്കുക, യുവതികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക, പരിശീലനം ഒരുക്കുക തുടങ്ങിയവയ്ക്കായി മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

തൊഴില്‍, സാമൂഹ്യ വികസന മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മന്ത്രി ഡോ.അലിനാസര്‍ അല്‍ഖഫീസും ടെലികോം, ഐ.ടി മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മന്ത്രി അബ്ദുളള അല്‍സവാഹയുമാണ് ധാരണയില്‍ ഒപ്പിട്ടത്.

വിവിധ മേഖലകളില്‍ നാട്ടുകാരായ യുവതി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കേണ്ടതിന് വ്യത്യസ്ത മന്ത്രാലയങ്ങളും ഏജന്‍സികളും കൂട്ടുത്തരവാദിത്തത്തോടെയും സഹകരണത്തോടെയും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത തൊഴില്‍ മന്ത്രി ധാരണ പത്രം ഒപ്പിടുന്ന ചടങ്ങില്‍ പറഞ്ഞു.

കുറച്ചുകാലമായി സഊദിയില്‍ നടക്കുന്നതും ഇതുതന്നെയാണ്. സഊദിവത്കരണം ഫലപ്രദമാക്കാന്‍ അനുബന്ധ മന്ത്രാലയങ്ങളും വകുപ്പുകളും തുടര്‍ന്നുളള പരിശോധനകളും സംയുക്തമായി നടത്തുന്നു.

പുതുതായി ഒപ്പിട്ട തൊഴില്‍-ഐടി മന്ത്രാലയ കരാര്‍ പ്രകാരം ഇരുമന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപവല്‍ക്കരിക്കുകയും പ്രസ്തുത സമിതി ടെലികോം, ഐടി തൊഴില്‍ കമ്പോളത്തില്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും വേണ്ട സഊദിവത്കരണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യും.

സഊദികള്‍ക്ക് മാത്രമായി നീക്കിവയ്ക്കുന്ന തൊഴിലുകള്‍,വനിത ജീവനക്കാരുടെ തോത് തുടങ്ങിയവ നിര്‍ണയിക്കുന്നതും ഈ സമിതി ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here