പട്ന∙ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കെ ബിഹാറിന്റെ രക്ഷയ്ക്കായി പാക്കേജുകളുടെ പെരുമഴ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നൽകിയ വാഗ്ദാനപ്രകാരം ബിഹാറിനായി 1.65 ലക്ഷം കോടി രൂപയുടെ പാക്കേജുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിന് പിന്നാലെ മോദിയെ വെട്ടാൻ കൂടുതൽ വിപുലമായ പദ്ധതികളുമായി സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തെത്തി. മോദിയ്ക്കും ഒരു മുഴം മുൻപേ നീട്ടിയെറിഞ്ഞ നിതീഷ് കുമാർ ബിഹാറിനായി പ്രഖ്യാപിച്ചിരിക്കുന്നത് 2.7 ലക്ഷം കോടി രൂപയുടെ പദ്ധതികൾ!

പ്രധാനമന്ത്രിയുെട പാക്കേജ് പ്രധാനമായും ബിഹാറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും ദേശീയ പാതകളുടെ വികസനത്തിലും ശ്രദ്ധയൂന്നുമ്പോൾ യുവജനങ്ങളെയും ശുചിത്വം, കുടിവെള്ളം, വൈദ്യുതി മുതലായ മേഖലകളെയും ലക്ഷ്യമിട്ടുള്ളതാണ് നിതീഷ് കുമാറിന്റെ പാക്കേജ്. പ്രധാനമന്ത്രിയുടെ പാക്കേജ് വെറും വാഗ്ദാനം മാത്രമായി ഒതുങ്ങുമെന്ന് സ്ഥിരമായി വിമർശനമുയർത്തിയിരുന്ന നിതീഷ് കുമാർ പഴയ ചില പാക്കേജുകളെല്ലാം ചേർത്ത് തയാറാക്കിയ മറ്റൊരു തട്ടിപ്പു പാക്കേജു മാത്രമാണ് ഇതെന്നും ഇന്ന് വിമർശനമുയർത്തി. ഒരിക്കലും നടപ്പിൽ വരാൻ സാധ്യതയില്ലാത്ത മോദിയുടെ പാക്കേജുമായി തട്ടിച്ചു നോക്കുമ്പോൾ കൂടുതൽ പ്രായോഗികമായ പാക്കേജാണ് സംസ്ഥാനത്തിനായി താൻ തയാറാക്കിയിരിക്കുന്നതെന്നും നിതീഷ് കുമാർ അവകാശപ്പെട്ടു. പാക്കേജ് നടപ്പാക്കുന്നതിനാവശ്യമായ വിഭവങ്ങളുടെ സംഭരണത്തെക്കുറിച്ചും തനിക്ക് വ്യക്തതയുണ്ടെന്നും അദേഹം പറഞ്ഞു.

ഇത് തന്റെ ‘ദിൽ കി ബാത്’ (ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ) ആണെന്നും മാൻ കി ബാത് ( മനസിൽ നിന്നുള്ള വാക്കുകൾ) അല്ലെന്നും മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മാൻ കി ബാത്തിനെ പരിഹസിച്ച് നിതീഷ് കുമാർ പറഞ്ഞു. വികസിത ബിഹാറിനായുള്ള ഏഴു മന്ത്രങ്ങൾ എന്നതായിരിക്കും ഈ പാക്കേജിന്റെ പേരെന്നും അദേഹം പറഞ്ഞു. സാമ്പത്തിക സഹായങ്ങൾക്ക് പുറമെ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണവും വാഗ്ദാനം ചെയ്യുന്നതാണ് നിതീഷ് കുമാർ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജ്.

തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് തൊഴിൽ നല്‍കുന്നതിനും അവരുടെ വിദ്യാഭ്യാസത്തിനുമായി വൻ തുകയാണ് പാക്കേജിൽ മാറ്റിവച്ചിരിക്കുന്നത്. 20നും 25നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ വീതവും പാക്കേജ് വാഗ്ദാനം െചയ്യുന്നു. 12–ാം ക്ലാസ് പാസായിട്ടുള്ള യുവജനങ്ങൾക്ക് മൂന്നു ശതമാനം പലിശ നിരക്കിൽ നാലു ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ നൽകാനും പാക്കേജിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിന് പുറമെ, സ്വന്തമായി വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി 500 കോടി രൂപയും നീക്കി വച്ചിരിക്കുന്നു. യുവാക്കൾക്കായി ആകെ നീക്കി വച്ചിരിക്കുന്ന തുകയാകട്ടെ 49,800 കോടി രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here