ശ്രീനഗർ∙ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായ പാക്ക് ഭീകരൻ സജ്ജാദ് അഹമ്മദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായി. പാക്കിസ്ഥാന്റെ ദക്ഷിണ പടിഞ്ഞാറൻ മേഖലയിലെ ബലോച് സ്വദേശിയാണ് സജ്ജാദ് അഹമ്മദ്. നിയന്ത്രണരേഖയോട് ചേർന്ന ഉറി സെക്ടർ വഴിയാണ് ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. അഞ്ചുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ആദ്യ രണ്ടുശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് മൂന്നാം ശ്രമത്തിലാണ് ഇവർക്ക് ഇന്ത്യയിൽ പ്രവേശിക്കാനായത്.

ലക്ഷ്കറെ തയിബയുടെ ഭീകരക്യാംപിൽ നിന്നുതന്നെയാണ് സജ്ജാദും പരിശീലനം നേടിയത്. 45 ദിവസമായിരുന്നു പരിശീലനം. കശ്മീർ താഴ്‌വരിയിൽ ലഷ്കറെ തയിബയുടെ സ്വാധീനം വളർത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ബാരാമുള്ളയിലെ റഫിയാബാദിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അബു താലയാണ് സജ്ജാദിന്റെ തലവൻ.

ഇന്നലെയാണ് പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറിയ ഒരു ഭീകരനെക്കൂടി കശ്മീരിൽ സൈന്യം ജീവനോടെ പിടിച്ചത്. 20 മണിക്കൂർ നീണ്ട സൈനിക നടപടിക്കൊടുവിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലു ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഗുഹയിലേക്കു കണ്ണീർവാതകം പ്രയോഗിച്ചശേഷം നടത്തിയ തിരച്ചിലിലാണു സജ്ജാദിനെ കണ്ടെത്തിയത്. ഇയാളെ ചോദ്യംചെയ്യാനായി ശ്രീനഗറിലേക്കു കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here