കാസർകോട്∙ തിരുവോണ ദിനാഘോഷങ്ങളുടെ ശോഭ കെടുത്തി വ്യത്യസ്ത സംഭവങ്ങളിൽ സംസ്ഥാനത്ത് രണ്ടുപേർ വേട്ടേറ്റു മരിച്ചു. കാസർകോട് കോടോംബേളൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി.നാരായണനും തൃശൂരിൽ ബിജെപി പ്രവർത്തകനായ വാസുപുരം സ്വദേശി അഭിലാഷുമാണ് മരിച്ചത്. ഇരു സംഭവങ്ങളും രാഷ്ട്രീയ പ്രതിയോഗികളുടെ പകപോക്കലാണെന്ന ആരോപണമുയർന്നിട്ടുണ്ട്. കാസർകോട് ജില്ലയിൽ നടന്ന അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്നാരോപിച്ച് ജില്ലയില്‍ നാളെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അതേസമയം, അഭിലാഷിന്റെ മരണത്തിന് പിന്നിൽ സിപിഎം ആണെന്നാരോപിച്ച് പുതുക്കാട് മണ്ഡലത്തിലും കൊടകര പഞ്ചായത്തിലും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

നാരായണനോടൊപ്പമുണ്ടായിരുന്ന സഹോദരൻ സി. അരവിന്ദനെ ഗുരുതര പരുക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ജില്ലയിലെ കോടോംബേളൂരിൽവച്ചാണ് ഇരുവര്‍ക്കും കുത്തേറ്റത്. മരിച്ച സി. നാരായണന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണമുണ്ടായത്. വെട്ടും കുത്തുമേറ്റ് സാരമായി പരുക്കേറ്റ നാരായണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തിയിട്ടുണ്ട്.

തൃശൂർ വെള്ളിക്കുളങ്ങരയിൽവച്ചാണ് ബിജെപി പ്രവർത്തകനായ അഭിലാഷിന് വെട്ടേറ്റത്. സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സതീശ് പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. പ്രദേശത്ത് പഞ്ചായത്ത് കമ്മിറ്റികൾ കേന്ദ്രീകരിച്ച് രണ്ടാഴ്ചയായി തർക്കവും സംഘർഷവും നിലനിന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here