ന്യൂഡല്‍ഹി: ഗുജറാത്തിലെ സംവരണ പ്രക്ഷോഭം ദേശീയ ശ്രദ്ധ നേടിയതോടെ പട്ടേൽ വിഭാഗക്കാരുടെ പ്രശ്നങ്ങളെ ഗുജറാത്തിന് പുറത്തേക്കുമെത്തിക്കുന്നതിനായി പ്രക്ഷോഭത്തിന് ദേശീയ സ്വഭാവം നൽകാൻ ശ്രമം. ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിൽവച്ച് മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള പട്ടേൽ വിഭാഗത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഗുജറാത്ത് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇരുപത്തിരണ്ടുകാരനായ ഹാർദിക് പട്ടേൽ വ്യക്തമാക്കി.

ദേശീയതലത്തിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന്റെ സാധ്യതകൾ ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് ഹാർദിക് പട്ടേൽ വ്യക്തമാക്കിയത്. സംവരണ വിഷയത്തിൽ അസംതൃപ്തരായി കഴിയുന്ന ഗുജ്ജർ, ജാട്ട് വിഭാഗങ്ങളിലെ നേതാക്കളെയും ഇതുമായി ബന്ധപ്പെട്ട് താൻ കാണുന്നുണ്ടെന്നും അദേഹം അറിയിച്ചു. നേരത്തെ, 60 ലക്ഷത്തിലധികം വരുന്ന പട്ടേൽ സമുദായക്കാർക്ക് ഇവിടെ ഒരു കേജ്‌രിവാൾ പ്രയോഗം നടത്താനാകുമെന്ന് ഹാർദിക് അവകാശപ്പെട്ടിരുന്നു. പട്ടേൽ സമുദായത്തിന്റെ ആവശ്യങ്ങൾ അവഗണിച്ചാൽ ഗുജറാത്തിൽ ഇനി താമര വിരിയില്ലെന്നും ‘മഹാ ക്രാന്തി റാലി’യിൽ ഹർദീക് പട്ടേൽ ഭീഷണിപ്പെടുത്തിയിരുന്നു.

നിലവിൽ ഗുജറാത്തിൽ ഭരണം നടത്തുന്ന ബിജെപിയോട് ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ തനിക്ക് താൽപര്യക്കുറവില്ലെങ്കിലും ബിജെപി നേതാക്കളോട് താൽപര്യമില്ലെന്നും ഹാർദിക് വ്യക്തമാക്കി. ബിജെപി എന്ന പാർട്ടിയോട് എനിക്ക് താൽപര്യമാണ്. എന്നാൽ ബിജെപി നേതാക്കളോട് താൽപര്യമില്ല. ആനന്ദിബെൻ പട്ടേൽ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. അതിന് സമയമെടുക്കുമെങ്കിലും അവർ അനുകൂലമായ തീരുമാനമെടുക്കും – ഹാർദിക് പട്ടേൽ പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി ഇതുവരെയും ശ്രദ്ധേയമായതൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ ഹാർദിക്, പട്ടേൽ വിഭാഗക്കാരുടെ സഹകരണത്തോടെ ഭാവിയിൽ അദേഹത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്നും കൂട്ടിച്ചേർത്തു.

തങ്ങളുടെ ആവശ്യങ്ങൾക്ക് സർക്കാർ വേണ്ട പരിഗണന നൽകിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്താൻ പട്ടേൽ വിഭാഗക്കാർ ഒരുമിച്ചുനിൽക്കുമെന്നും ഹാർദിക് വ്യക്തമാക്കി. സായുധ പ്രക്ഷോഭത്തോടുള്ള താൽപര്യത്തേക്കുറിച്ചുള്ള ചോദ്യത്തിന് സ്വവിഭാഗക്കാരുടെ രക്ഷയ്ക്കായി എല്ലാവരും ആയുധം ഉപയോഗിക്കണമെന്നായിരുന്നു യുവ നേതാവിന്റെ മറുപടി. സർക്കാർതന്നെ എല്ലാവർക്കും ആയുധങ്ങൾ വിതരണം ചെയ്യണമെന്നും അദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here