ഹൈദരാബാദ്∙ ഏഴുമാസം ഗർഭിണിയാണെന്ന് അവകാശപ്പെട്ട് വിമാനത്താവളത്തിലെത്തിയ സ്ത്രീയുടെ വയറ്റിൽ നിറയെ മയക്കുമരുന്ന്. ദക്ഷിണാഫ്രിക്ക സ്വദേശിനിയായ മോസിയ മൂസയാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്തവളത്തിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സംശയം തോന്നിയ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. നിരോധിക്കപ്പെട്ട മയക്കുമരുന്നുകൾ ചെറിയ പോളിമർ കവറിലാക്കി വിഴുങ്ങുകയായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാവിലെ ദുബായിയിൽ നിന്ന് എമിറേറ്റ്സിന്റെ ഇകെ–526 വിമാനത്തിൽ രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് മോസിയ എത്തിയത്. നടക്കുവാൻ ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ‌ താൻ ഏഴുമാസം ഗർഭിണിയാണെന്ന് മോസിയ പറഞ്ഞു. തുടർന്ന് അവരെ വിമാനത്താവളത്തിലെ കോർപറേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പരിശോധനയിൽ അവർ പറഞ്ഞത് തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. മയക്കുമരുന്നാണ് വയറ്റിനുള്ളിൽ ഉള്ളതെന്ന് അവർ വ്യക്തമാക്കിയതോടെ മോസിയയെ സമീപമുള്ള ഒസ്മാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിനുള്ളിൽ നിന്ന് 16 പാക്കറ്റ് മയക്കുമരുന്നാണ് കണ്ടെത്തിയത്. എന്നാൽ ഇവർക്ക് യാതൊരു വിധത്തിലുമുള്ള ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് എൻസിബി വ്യക്തമാക്കി.

മോസിയയിൽ നിന്നു കണ്ടെടുത്ത മയക്കുമരുന്ന് ഏതാണെന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ അവരുടെ യാത്രാ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ബ്രസീലിൽ നിന്നു കൊണ്ടുവന്ന കൊക്കെയ്നാണിതെന്ന് സംശയിക്കുന്നതായി എൻസിബി വ്യക്തമാക്കി.

ജോഹന്നാസ്ബർഗിൽനിന്ന് ഓഗസ്റ്റ് 23നാണ് മോസിയ ദുബായിൽ എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ മോസിയ ബ്രസീലിലെ സാവോ പോളോയിലേക്ക് പോയി. തുടർന്ന് 28ന് ദുബായിയിൽ തിരിച്ചെത്തി. പിന്നീട് ഞായറാഴ്ച ഹൈദരബാദിലേക്കും യാത്ര ചെയ്യുകയായിരുന്നുവെന്ന് എൻസിബി വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here