രാജേഷ് തില്ലങ്കേരി

അമേരിക്കയുടെ മുൻ പ്രസിഡണ്ട് ട്രംമ്പ് അടുത്ത സുഹൃത്താണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീരവാദം. മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഈ സൗഹൃദം വല്ലാതെ പൂത്തുലഞ്ഞുവെന്നും മോദി പരസ്യമായി വെളിപ്പെടുക്കിയിരുന്നു. ഹൗഡി മോദിയെന്ന പരിപാടിയിലൂടെ അമേരിക്കയിലെ ഇന്ത്യക്കാർ മോദി-ട്രംമ്പ് സൗഹൃദത്തിന്റെ ആഴവും തിരിച്ചറിഞ്ഞു.


ഈ ആവേശത്തിലാണ് മോദി ട്രംമ്പിനെ  ഇന്ത്യയിലേക്ക് ക്ഷണിച്ചതും. കഴിഞ്ഞ വർഷം ട്രംമ്പും കുടുംബവും ഇന്ത്യയിലെത്തി. കൊറോണയന്ന മഹാമാരി  ലോകത്താതകമാനം പടർന്നുകൊണ്ടിരിക്കയാണ് ട്രെംപിന്റെ ഇന്ത്യൻ സന്ദർശനം. രാജ്യം അത് വലിയ ആഘോഷമാക്കിമാറ്റിയിരുന്നു. ചേരി പ്രദേശങ്ങളെല്ലാം മതിൽ കെട്ടി മറച്ചാണ് മോദി ട്രെംമ്പിനെ ഇന്ത്യ എന്താണെന്ന് കാണിച്ചത്.
നേരത്തെ ട്രംമ്പിന്റെ സന്ദർശന വേളയിൽ കെട്ടിയടച്ച മതിലുകൾ തകരുന്നതിന് മുൻപ് വന്നാൽ നന്നായിരിക്കുമെന്നാണ് മോദിയുടെ മനോഗതം.
 
ട്രംമ്പിന് ഇന്ത്യൻ വംശജരായ വോട്ടർമാരുടെ സഹായം ആവശ്യമുള്ളതിനാലാണ് മോദിയോട് സൗഹൃദം കാണിക്കുന്നതെന്നായിരുന്നു അന്നൊക്കെ പാപ്പരാസികൾ എഴുതി വിട്ടത്.
ട്രംമ്പിനെ ഒരിക്കൽ കൂടി അമേരിക്കൻ ജനത പ്രസിഡണ്ട് പദവിയിൽ തുടരാൻ അനുവദിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. അമേരിക്കയിൽ പ്രസിഡണ്ട് സ്ഥാനത്ത് ട്രംമ്പ് തിരിച്ചെത്തുമെന്ന് മോദിയെങ്കിലും വിശ്വസിച്ചിരുന്നു. എന്തു ചെയ്യാൻ അമേരിക്കയല്ലേ സ്ഥലം. ട്രംമ്പിന് പച്ചതൊടാൻ ആയില്ല, അങ്ങിനെ വൈറ്റ് ഹൗസിൽ നിന്നും ട്രംമ്പ് ഇറങ്ങിപ്പോവുന്നത്, ഇങ്ങ് ഇന്ത്യയിലിരുന്ന് മോദി ദുഖത്തോടെ ആ കാഴ്ച കണ്ടു കണ്ണീർ പൊഴിച്ചു.
പരസ്യമായി ട്രംമ്പിന് അനുകൂലമായ നിലപാട് സ്വീകരിച്ച മോദിക്ക്, ബൈഡന്റെ വിജയം അൽപ്പമൊന്നുമല്ല ആശങ്കയുളവാക്കിയത്. ആശങ്കയും ദുഖവും ഒന്നും അല്ലല്ലോ കൗശലമല്ലേ ഇനി വേണ്ടത്, അമേരിക്കയുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കേണ്ടത് ഇന്ത്യയ്ക്കും അനിവാര്യമാണ് എന്ന് തിരിച്ചറിയാൻ മോദിക്ക് അധിക സമയമൊന്നും വേണ്ടിയിരുന്നില്ല. മോദി അപ്പോ തന്നെ വൈറ്റ് ഹൗസിലേക്ക് വിളിച്ചു. പുതിയ പ്രസിഡണ്ടിനെ വിളിച്ചു, അഭിനന്ദിച്ചു.
ഇപ്പോൾ പുറത്തുവരുന്ന വാർത്ത അമേരിക്കൻ പ്രസിഡണ്ട്  ബൈഡനെയും കുടുംബത്തെയും ഇന്ത്യ സന്ദർശിക്കൻ പ്രധാനമന്ത്രി  ക്ഷണിച്ചിരിക്കയാണ് എന്നാണ്.
ട്രംമ്പിനെ പിന്തുണച്ചതിന്റെ ക്ഷീണം മാറ്റിയെടുക്കാനുള്ള മോദിയുടെ ഈ നീക്കത്തിൽ ഒന്നും തെറ്റായി തോന്നല്ലേ….


മോദിയുടെ കണ്ണീർ….

മോദിയുടെ മനസിലും സ്‌നേഹവും ആർദ്രതയുമുണ്ടെന്ന് എത്രപേർക്കറിയാം. എന്ത് സംഭവിച്ചാലും കുലുങ്ങാത്ത മനസിന്റെ ഉടമയാണ് പ്രധാനമന്തി നരേന്ദ്ര മോദിയെന്നായിരുന്നു ഇന്ത്യക്കാർ ഇതുവരെയും വിശ്വസിച്ചിരുന്നത്. അദ്ദേഹം ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ക്രൂരനായ ഭരണാധികാരിയെന്നാണ് രാജ്യം മുദ്രകുത്തിയിരുന്നത്. എന്നാൽ അതൊന്നു ശരിയല്ലെന്ന് രാജ്യസഭയിൽ മോദിയുടെ കണ്ണീർ വീണ് കുതിർന്നപ്പോൾ മനസിലായി.

കോൺഗ്രസിന്റെ പ്രമുഖ നേതാവും രാജ്യസഭാംഗവുമായ ഗുലാംനബി ആസാദിനുള്ള യാത്രയപ്പ് വേളയിലാണ് പ്രധാനമന്ത്രിയുടെ കണ്ഠമിടറിയതും, കണ്ണുകൾ നിറഞ്ഞൊഴുകിയതും. ഗുലാംനബി ആസാദ് രാജ്യത്തിനു വേണ്ടി നടത്തിയ സദ്പ്രവർത്തികളെക്കുറിച്ച് പറയവെയാണ് പ്രധാനമന്ത്രി വികാരാധീനനായത്. പാർട്ടി താല്പര്യങ്ങൾക്കും അപ്പുറം രാജ്യ താല്പര്യം സംരക്ഷിക്കുന്നതിൽ ഗുലാംനബി കൈക്കൊണ്ട ശക്തമായ നിലപാടുകളാണ് പ്രധാനമന്ത്രി സഭയിൽ ഓർമ്മിപ്പിച്ചത്.  ജമ്മു-കശ്മീർ മുഖ്യമന്ത്രിയായിരുന്നപ്പോൾ താൻ ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന കാര്യവും അന്ന് ഭീകര•ാരുടെ വലയിലായ ഗുജറാത്തികളെ വിട്ടയക്കുന്നതിനായി ഗുലാംനബി നടത്തിയ ഇടപെടലുകളും മോദി പ്രത്യേകം ഓർത്തു.
സഭയെ ശരിക്കും കണ്ണീരണിയിച്ചതായിരുന്നു മോദിയുടെ പ്രസംഗം.
ഇതുകണ്ട സഭാംഗങ്ങളെല്ലാം വരും മനസിൽ പറഞ്ഞു, അറിഞ്ഞിരുന്നില്ല… ഇത്രയും സ്‌നേഹാലുവായ മോദിയെ… സത്യത്തിലാരും തിരിച്ചറിഞ്ഞില്ല എന്ന്.


 സി പി എം വീണ്ടും ശബരിമലയിൽ ….



ശബരിമല വിഷയം കേരളത്തിൽ വീണ്ടും ചർച്ചയാവുന്നത് സി പി എമ്മിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇതിനിടയിലാണ് സി പി എം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി ശബരിമലയുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയത്.

ശബരിമലയിൽ യുവതീ പ്രവേശനം ആവാമെന്നുള്ള സുപ്രിംകോടതി വിധിയിൽ ആവശ്യമായി വന്നാൽ എതിർ സത്യവാഗ്മൂലം  നൽകുമെന്നായിരുന്നു ബേബി സാറിന്റെ പ്രതികരണം. മാതൃഭൂമിയുടെ ലേഖകനോടാണ് ബേബി ഇക്കാര്യം പറഞ്ഞത്. ചാനലുകാർ വാർത്ത അങ്ങോട്ട് മിന്നിച്ചു. മണിക്കൂർ ഒന്നു കഴിഞ്ഞപ്പോഴേക്കും നിലപാടിൽ മലക്കം മറിഞ്ഞ് ബേബിസാർ തന്നെ രംഗത്തെത്തി.  

ആവശ്യമെങ്കിൽ സർക്കാർ സത്യവാഗ്മൂലം തിരുത്തി സമർപ്പിക്കുമെന്ന ബേബിയുടെ പ്രസ്താവന സി പി എമ്മിനെ ശരിക്കും വെട്ടിലാക്കുന്നതായിരുന്നു. യുവതീ പ്രവേശനം സംബന്ധിച്ച് നേരത്തെ സർക്കാർ കൈക്കൊണ്ട നിലപാടിൽ മാറ്റം വരുത്താൻ സി പി എം ഇതുവരെയും ശ്രമിച്ചിട്ടില്ല,  നിലപാട് കോടതിയുടെ അന്തിമ വിധിക്ക് ശേഷം എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

സുപ്രിം കോടതിയുടെ വിശാല ബഞ്ചിന് മുന്നിൽ പരിഗണയ്‌ക്കെത്തുന്ന ശബരിമല യുവതീ പ്രവേശനത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ള കോൺഗ്രസ് നേതാക്കളുടെ ചോദ്യങ്ങൾക്കുള്ള പ്രതികരണമായിരുന്നു എം എ ബേബിയുടടേത്. എന്നാൽ സി പി എമ്മിൽ തന്നെ വിഷയം ചർച്ചയായതോടെ ബേബി മലക്കം മറിയുന്ന കാഴ്ചയാണ് കണ്ടത്.
അങ്ങിനെ ബേബി വീണ്ടും ബേബിയായി.

സുപ്രിംകോടതിയുടെ പരിഗണനയിൽ നിയമമാണിതെന്നും ഇപ്പോൾ മറ്റു ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ലെന്നുമായിരുന്നു പിന്നീടുള്ള  എം എ ബേബി യുടെ പ്രതികരണം. മതം രാഷ്ട്രീയം എന്നീ വിഷയത്തിൽ ഒരു താത്വികമായ ഒരു അവലോകനമാണ് ബേബി സാർ ലക്ഷ്യമിട്ടത്, എന്നാൽ അതൊന്നും പാർട്ടി ഏറ്റെടുത്തില്ല.

കേരളത്തിൽ നവോത്ഥാന സഭയുണ്ടാക്കുകയും  എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളിയെയും പുലയമഹാസഭാ നേതാവ് പുന്നല ശ്രീകുമാറിനെയും ഒക്കെവച്ച് കേരളത്തിൽ പുതിയ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ശ്രമം തുടങ്ങിയത്, ഇതിന്റെയെല്ലാം പിറകിൽ  സി പി എം നേതാക്കളായിരുന്നു. സർക്കാരിന്റെ പിന്തുണയോടെ  സമിതിയുണ്ടാക്കുകയും , സ്ത്രീകളെക്കൊണ്ട് കേരളത്തിൽ വനിതാ മതിലുണ്ടാക്കുകയും ഒക്കെ ചെയ്ത മുന്നണിയുടെ പ്രമുഖ നേതാവിനുണ്ടായ മനം മാറ്റം ശബരിമലപ്പേടിയിൽ നിന്നാണ് എന്ന് വ്യക്തം.
കോൺഗ്രസ് മുസ്ലിം ലീഗിന്റെ തടവറയിലാണെന്ന സി പി എമ്മിന്റെ ആരോപണം അത്രയങ്ങ് ക്ലച്ചു പിടിച്ചിരുന്നില്ല, അതിനു ശേഷമാണ് വിജയരാഘവൻ മുസ്ലിം ലീഗി നേതാക്കളെ കാണാൻ കോൺഗ്രസ് നേതാക്കൾ പാണക്കാട് പോയതിനെ വിമർശിച്ച് രംഗത്തെത്തിയത്. അതാണെങ്കിൽ സി പി എമ്മിന് ക്ഷീണം ചെയ്യുമെന്ന് തിരിച്ചറിഞ്ഞതോടെ നിർത്തി. ഉമ്മൻ ചാണ്ടി ശബരിമലയിൽ ആചാരം സംരക്ഷിക്കുന്നതിന് നിയമ നിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ സി പി എം വെട്ടിലായി. ശബരി മല ഒരു വിഷയമല്ലെന്നും, കോടതി വിധി വരട്ടെ, അപ്പോൾ നോക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.  
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രിം കോടതി വിധിയെ  ഏറെ പുരോഗമനപരമായി കാണുകയും ശബരി മലയിൽ യുവതികളെ എത്തിക്കാൻ  അതിനുവേണ്ടി സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച ഇടതുമുന്നണി തെരഞ്ഞെടുപ്പ് അടുത്തതോടെ അഭിപ്രായം മാറ്റുകയാണ്. ശബരിമല വിഷയത്തിൽ കോടതി വിധിവരട്ടെ, അപ്പോൾ എല്ലാവിഭാഗം ജനങ്ങളുമായി ചർച്ചചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നുമാണ് ബേബി സഖാവ് പറയുന്നത്.
ശബരിമലയുടെ പേരിൽ സമൂഹത്തിൽ എന്തെങ്കിലും കലാപമുണ്ടാവാൻ പാടില്ലെന്നാണ് എം എ ബേബി പറയുന്നത്. എന്നാൽ ഇത്തരം ആശങ്കയൊന്നും പിറായി വിജയൻ സർക്കാറിന് ഇപ്പോഴും ഇല്ല എന്നതാണ് സത്യം.


സ്ത്രീതുല്യതയുമായി ബന്ധപ്പെട്ട് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും നിലപാട് ഇവിടെ എല്ലാവർക്കും അറിയാമെന്നും. കോടതി വിധി വരട്ടെ എന്നും പറഞ്ഞ് ഒടുവിൽ എം എ ബേബി തടിതപ്പി. പാവം ബേബി സഖാവ്, ഒരു വഴി നോക്കിയതാണ്. അത് മനസിലാവണ്ടേ…..

എന്നാൽ ശബരി മല വിഷയം വോട്ടിനായി ഉപയോഗിക്കുന്നു എന്ന ആരോപണവുമായി ചങ്ങനാശ്ശേരിയിൽ നിന്നും ആരോപണം ഉയർന്നിരിക്കയാണ്. എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറയുന്നു മൂന്ന് മുന്നണികളും തട്ടിപ്പാണ് കാണിക്കുന്നത് എന്ന്.
കേരള സർക്കാറിന് നിമയനിർമ്മാണം നടത്താമായിരുന്നു. എന്നാൽ അതുണ്ടായില്ല. ബി ജെ പിയുടെ കേന്ദ്രസർക്കാരിനും അത് ആവാമായിരുന്നു. എന്നാൽ അതൊന്നും ഉണ്ടായില്ല. യു ഡി എഫ് നിയമ നിർമ്മാണം നടത്തുമെന്ന വാദത്തോടും സുകുമാരൻ നായർക്ക് യോജിപ്പില്ലത്രെ. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുമെന്ന് ഉറപ്പില്ലാത്തതാണ് സുകുമാരൻ നായരുടെ  പ്രശ്‌നം.
പാവം എം എ ബേബി പാർശ്വവൽക്കരിക്കപ്പെട്ട നേതാവാണത്രേ… ഇതൊക്കെ കെ സുരേന്ദ്രനല്ലാതെ മറ്റാർക്കെങ്കിലും പറയാൻ പറ്റുമോ ആവോ…..


ബന്ധുനിയമനം ശരിയായ മാർഗമാണ്



ബന്ധുക്കളെ നിയമക്കരുതെന്ന് ആരും പറഞ്ഞിരുന്നില്ല. സി പി എം നേതാക്കളുടെ ഭാര്യമാരായി എന്നതുകൊണ്ട് ഉദ്യോഗം വേണ്ടെന്ന് വെക്കാനാവുമോ,  അത് ഭാര്യമാരെ തീരെ പാടില്ല എന്ന് ഇതുവരെ ആരും പാർട്ടിഭരണ ഘടനയിൽ  പറഞ്ഞിരുന്നുമില്ല.

 


 കാലടി സർവ്വകലാശാലയിൽ എം ബി രാജേഷിന്റെ ഭാര്യ നിനികത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് വിവാദം ശക്തമായിരിക്കയാണ്. നിയമനം നൽകിയ വിദഗ്ധസമിതിയിൽ നിന്നും ടി പവിത്രൻ പ്രാണ രക്ഷാർത്ഥം ഓടി രക്ഷപ്പെട്ടു. തനിക്ക് തെറ്റു പറ്റിയെന്നാണ് ടി പവിത്രൻ പറയുന്നത്. എം ബി രാജേഷിന്റെ ഭാര്യയാണ് ഈ നിനിത കണിച്ചേരിയെന്ന് തിരിച്ചറിയാതെ പോയതാണ് എല്ലാ കുഴപ്പങ്ങൾക്കും വഴിയായതത്രെ.  
ഭാര്യമാരേ, നിങ്ങൾ ഭർത്താക്കന്മാരുടെ പേരുകൂടി സ്വന്തം പേരിന്റെ കൂടെ ചേർക്കുക. എന്നിട്ട് നിങ്ങൾ ഭാരത സ്ത്രീകളായി അഭിനയിക്കുക, അപ്പോൾ ടി പവിത്രന്മാർക്ക് തെറ്റൊന്നും പറ്റില്ലല്ലോ.


വൽകഷ്ണം 

കേരളത്തിലെ പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടാവുമോ, ഉണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ അരങ്ങേറിയ സമരകോലാഹലങ്ങൾ സാക്ഷ്യം.
പി എസ് സി പ്രക്ഷോഭം ശക്തിപ്പെടുകയാണ്. കോഴിക്കോടും, കണ്ണൂരിലും, തിരുവനന്തപുരത്തും റാങ്ക് ലിസ്റ്റിൽ പെട്ട ഉദ്യോഗാർത്ഥികൾ സമരത്തിലാണ്. എന്നാൽ ഈ സമരമൊക്കെ രാഷ്ട്രീയമാണെന്നാണ് സി പി എമ്മിന്റെ വാദം. പാവം റാങ്ക് ഹോൾഡേഴ്‌സ്…
ജോലിയും കിട്ടില്ല, അവഹേളനവും ബാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here