ന്യൂഡൽഹി: കേരളവും, കർണാടകയുമുൾപ്പടെയുള്ള പത്തിടങ്ങളിൽ എൻ ഐ എ റെയ്ഡ്. ഐസിസ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നതെന്നാണ് സൂചന. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.പാകിസ്ഥാൻ സോഷ്യൽ മീഡിയയിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും, ഓൺലൈൻ വഴി പരിശീലനം നൽകുകയും ചെയ്യുന്നുവെന്നും, പ്രാദേശിക ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഇവരെ പ്രേരിപ്പിക്കുന്നുവെന്നും എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.കേരളത്തിൽ കണ്ണൂരിലും മലപ്പുറത്തുമാണ് എൻ ഐ എ പരിശോധന നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റിന്റെ വീട് അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുകയാണ്. കണ്ണൂർ താണയിലെ ഒരു വീട്ടിൽ പുലർച്ചെയോടെ പരിശോധന ആരംഭിച്ചു.