ഡാലസ് : കല്ലറയുടെ ബന്ധനങ്ങള്‍ തകര്‍ത്തു, അന്ധകാര ശക്തികളിന്മേല്‍ ജയോത്സവം കൊണ്ടാടി, പാപത്തിന്റെ ഫലമായി മനുഷ്യ വിധിക്കപ്പെട്ട മരണത്തെ കാല്‍വറി ക്രൂശിലെ മരത്താല്‍ കീഴ്‌പെടുത്തി മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ കണ്ടെത്തുമ്പോള്‍ മാത്രമാണ് ഈസ്റ്റര്‍ ആഘോഷം അര്‍ത്തവത്താക്കുന്നതെന്ന് മര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് പറഞ്ഞു.
 
ഈസ്റ്ററിനോടനുബന്ധിച്ചു ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മര്‍ത്തോമാ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബ്ബാന മധ്യേ ധ്യാന പ്രസംഗം നടത്തുകയായിരുന്നു എപ്പിസ്‌കോപ്പ. ഗായകസംഘത്തിന്റെ പ്രത്യാശ നിര്‍ഭരമായ ഗാനങ്ങളോടെയാണ് ശുശ്രൂഷ ആരംഭിച്ചത്. 
 
ആഴ്ചവട്ടത്തിന്റെ ഒന്നാംനാള്‍ കര്‍ത്താവിന്റെ കല്ലറയ്ക്കല്‍ സുഗന്ധ വര്‍ഗ്ഗവുമായി എത്തിയ സ്ത്രീകള്‍ കല്ലറയില്‍ നിന്നും കല്ലു ഉരുട്ടികളഞ്ഞതായും യേശുവിന്റെ ശരീരം കാണാതേയും ചഞ്ചലിച്ചു നില്‍ക്കുമ്പോള്‍, മിന്നുന്ന വസ്ത്രം ധരിച്ചു രണ്ടുപുരുഷന്മാര്‍ അവരോടു നിങ്ങള്‍ ജീവനുള്ളവരെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്ത് എന്ന വേദ ഭാഗത്തെ ആധാരമാക്കിയായിരുന്നു ധ്യാനപ്രസംഗം.
 
ജീവിതത്തിന്റെ വ്യത്യസ്ഥ അനുഭവങ്ങളില്‍ ഉത്തരം കണ്ടെത്താനാകാതെ പകച്ചുനില്‍ക്കുമ്പോള്‍, നിങ്ങളുടെ സമീപത്ത് നില്‍ക്കുന്ന ക്രിസ്തുവിനെ തിരിച്ചറിയുവാന്‍ കഴിയണം. കല്ലറയില്‍ മറിയയുടെ മുമ്പില്‍ പ്രത്യക്ഷനായ ക്രിസ്തുവിനെ ആദ്യം തിരിച്ചറിയാനാകാതെ തോട്ടക്കാരനെന്ന് നിരൂപീച്ചു. യജമാനനേ എന്ന് അഭിസംബോധന ചെയ്തപ്പോള്‍ മറിയേ എന്ന വിളിയിലൂടെയാണ് ക്രിസ്തുവിനെ തിരിച്ചറിയുവാന്‍ മറിയക്ക് കഴിഞ്ഞത്. പേര്‍ ചൊല്ലി നമ്മുടെ സമീപെ അദൃശ്യനായി നില്‍ക്കുന്ന ക്രിസ്തുവിനെ തിരിച്ചറിയുവാന്‍ കഴിയുമ്പോള്‍ മാത്രമേ ഉയര്‍പ്പിന്റെ ശക്തി നമ്മില്‍ വ്യാപരിക്കുകയുള്ളൂവെന്നും തിരുമേനി പറഞ്ഞു.
 
ക്രിസ്തുവിനെ കൂടാതെ, ജീര്‍ണ്ണാവസ്ഥയില്‍ കഴിയുന്ന ജീവിതങ്ങള്‍ ക്രിസ്തുവിനെ കണ്ടെത്തുന്നതോടെ സുഗന്ധത്തിന്റെ സൗരഭ്യം വീശുന്ന തലത്തിലേക്കുയരുമെന്നും തിരുമേനി പറഞ്ഞു. ഇടവക വികാരിമാരായ റവ. ഡോ. അബ്രഹാം മാത്യു, റവ. ബ്ലസന്‍ കെ. ജോണ്‍ എന്നിവര്‍ ഈസ്റ്റര്‍ സര്‍വീസില്‍ സഹകാര്‍മ്മികത്വം വഹിച്ചു.
 

LEAVE A REPLY

Please enter your comment!
Please enter your name here